മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണനെ മാനനഷ്ട കേസ് കൊടുക്കാന്‍ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ അടക്കമാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയാണെന്ന ആമുഖത്തോടെയാണ് പോസ്റ്റ്. പി ശ്രീരാമകൃഷ്ണന് കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടി എന്ന നിലയിലാണ് സ്വപ്ന സുരേഷ് ഇന്ന് ചില ചിത്രങ്ങളടക്കം ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
………..
സ്വപ്ന സുരേഷ് നടത്തിയ ലൈംഗികാരോപം നിഷേധിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മൂന്ന് വർഷത്തിനിടയിൽ ഒരിക്കൽ പോലും പറയാതെ , ഇപ്പോൾ ബോധപൂർവം ആക്ഷേപം ഉയർത്തുകയാണെന്ന് കടകംപള്ളി കുറ്റപ്പെടുത്തി. കഠിനമായ യാതനകൾ അനുഭവിച്ച സ്ത്രീയാണ് സ്വപ്ന. പുസ്തകത്തിലെ ആരോപണം തന്റെ പേരിലേക്ക് എത്തിക്കാൻ അഭിമുഖത്തിനിടയിൽ ശ്രമമുണ്ടായെന്നും കടകംപള്ളി ആരോപിച്ചു.
………………
ചിലർ പിപ്പിടിയുമായി വന്നാൽ ഭയപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നോട്ട് പോകുമ്പോൾ ചിലർ തടയിടാൻ ശ്രമിക്കുകയാണ്. ഭയന്ന് പിന്മാറില്ലെന്നും നവീകരണവുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖല, ലോകത്തിനൊപ്പം മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു
……………
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി ഇടത് മുന്നണി. നവംബർ 15 ന് രാജ്ഭവന് മുന്നിലെ പ്രതിഷേധത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുക. രാജ്ഭവന് മുന്നിലെ പ്രതിഷേധ പരിപാടിക്കൊപ്പം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ രീതി വിലയിരുത്താൻ ഇടതുമുന്നണി നേതാക്കളുടെ യോഗം പ്രതിഷേധത്തിന് മുൻപ് വീണ്ടും ചേരും.
……………….
ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പ്രയോഗിക്കുന്നത് ഇല്ലാത്ത അധികാരങ്ങളെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിസിമാർക്ക് നോട്ടീസയച്ച ഗവർണറുടെ നടപടി ഏകപക്ഷീയവും ഭരണഘടന വിരുദ്ധവുമാണെന്ന് അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. മതനിരപേക്ഷ ജനാധിപത്യ സ്വഭാവുമുള്ള കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തെ ഹിന്ദുത്വ അജണ്ട മുൻനിർത്തി പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
……………
ഗവര്‍ണറോടുള്ള സമീപനത്തില്‍ യുഡിഎഫിലും കോണ്‍ഗ്രസിലും ഭിന്നത തുടരുന്നു. വി ഡി സതീശനെയും കെ സുധാകരനെയും തള്ളി കെ മുരളീധരൻ എംപി രംഗത്തെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ദേശീയ നയം സുധാകരനും സതീശനും അറിയില്ലേ എന്നത് അവരോട് ചോദിക്കണമെന്നും കെ മുരളീധരന് പ്രതികരിച്ചു.
ഗവര്‍ണറുടെ നിലപാടിനോടുള്ള വിയോജിപ്പ് ആവര്‍ത്തിച്ച് മുസ്ലിം ലീഗും രംഗത്തെത്തി. ഭരണപക്ഷത്തെ അംഗീകരിക്കാത്ത ഗവര്‍ണര്‍ എങ്ങിനെ പ്രതിപക്ഷത്തെ അംഗീകരിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഗവര്‍ണറുടെ നിലപാടുകളെ അംഗീകരിക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ ലീഗിന്റെ നിലപാട് വളരെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
…………………
സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയനുസരിച്ച് , യുജിസി ചട്ടപ്രകാരമല്ലാതെ നിയമിച്ച വിസിമാരെ പുറത്താക്കാനുള്ള നീക്കവുമായി ഗവര്‍ണര്‍ മുന്നോട്ട്. 8 വിസിമാരുടെ രാജി ആവശ്യപ്പെട്ടുള്ള നോട്ടീസ് , നടപടിക്രമം പാലിച്ചല്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പഴുതടച്ചുള്ള നടപടിയുമായി ഗവര്‍ണര്‍ മുന്നോട്ട് പോകുന്നത്.ഡിജിറ്റല്‍, ശ്രീനാരായണ സര്‍വ്വകലാശാല വിസിമാര്‍ക്ക് ഗവര്‍ണര്‍ ഇന്ന് നോട്ടീസ്’ അയച്ചു.
……………
എൽദോസിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കും. അപ്പീല്‍ നല്‍കാമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു. ബലാൽത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുണ്ടെന്നാണ് നിയമോപദേശം. അഡി. സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ.
……………
അരുണാചൽപ്രദേശ് തലസ്ഥാനമായ ഇറ്റാനഗറിലെ ഒരു മാർക്കറ്റിൽഉണ്ടായ തീപിടുത്തത്തിൽ 200ലധികം കടകള്‍ കത്തിനശിച്ചു. പുലര്‍ച്ചെ 3.30ടെയാണ് തീപിടുത്തം ഉണ്ടായത്. ആളപായമില്ല. മുളയും തടിയും ഉപയോഗിച്ച് നിർമിച്ച കടകളിലേക്ക് വളരെ വേഗമാണ് തീ പടർന്നുപിടിച്ചത്. ഫയർ സ്റ്റേഷൻ അടുത്തായിട്ടും ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ വൈകിയെന്ന് പരാതിയുണ്ട്.
………..
ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് 42 കാരനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് അദ്ദേഹം. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ സെപ്റ്റംബർ 5ന് നടന്ന വോട്ടെടുപ്പിൽ ഋഷി സുനക്കിനെ പരാജയപ്പെടുത്തിയാണ് ലിസ് ട്രസ് പ്രധാനമന്ത്രിയായത്. എന്നാൽ ചുമതലയേറ്റ് 45–ാം ദിവസം അവർ രാജിവച്ചതോടെയാണ് ഋഷി സുനക്കിന് വീണ്ടും അവസരമൊരുങ്ങിയത്.
……………
മണിക്കൂറിലേറെ നീണ്ട നിശ്ചലാവസ്ഥക്ക് ശേഷം വാട്ട്സ്ആപ്പ് തിരിച്ചെത്തി. ഇന്ത്യൻ സമയം 12.30ഓടെയാണ് വാട്സ്ആപ്പ് നിശ്ചലമായത്. രണ്ട് മണിക്കൂറിലേറെ സമയം ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ സാധിച്ചില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നു. പ്രശ്നം പരിഹരിച്ചെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല.
……………….
ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ പാകിസ്ഥാനെതിരെ ജയിച്ചതോടെ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യക്ക് മുന്‍ത്തൂക്കം. ഗ്രൂപ്പില്‍ ഇനി ദക്ഷിണാഫ്രിക്കയാണ് ശക്തരായ മറ്റൊരു എതിരാളി. താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശ്, നെതര്‍ലാന്‍ഡ്സ്, സിംബാവെ എന്നിവരാണ് ഗ്രൂപ്പില്‍ ഇന്ത്യയുടെ മറ്റു എതിരാളികള്‍. പാകിസ്ഥാനെതിരായ ജയത്തോടെ ഇന്ത്യക്ക് ആധിപത്യമായി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരാജയപ്പെട്ടാല്‍ പോലും ചെറിയ ടീമുകളെ മറികടന്നാല്‍ ഇന്ത്യക്ക് സെമിയിലെത്താം. മറ്റന്നാള്‍ നെതര്‍ലന്‍ഡ്സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.