പ്രപഞ്ചത്തിന്റെ ഉത്ഭവം മുതൽ ഭാവി വരെ, മ്യൂസിയത്തിന്റെ 25%നിർമ്മാണം പൂർത്തിയായി

അബുദാബി : പ്രപഞ്ചത്തിന്റെ ഉത്ഭവം മുതൽ ഭാവി വരെ വിവരിക്കാനൊരുങ്ങുന്ന നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമാണം 25% പൂർത്തിയായി. 1380 കോടി വർഷം മുൻപുള്ള ലോകം മുതൽ ഭാവി വരെയായിരിക്കും മ്യൂസിയത്തിൽ ദൃശ്യമാവുക.

അബുദാബി സാദിയാത് ഡിസ്ട്രിക്ടിൽ 35,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ സജ്ജമാകുന്ന മേഖലയിലെ ഏറ്റവും വലിയ മ്യൂസിയം 2025ൽ പൊതുജനങ്ങൾക്കായി തുറക്കും.

നേരിട്ടും വെർച്വലായും വർഷത്തിൽ‍ 1400 കോടി സന്ദർശകർ മ്യൂസിയം കാണുമെന്നാണ് പ്രതീക്ഷയെന്ന് സാംസ്കാരിക, ടൂറിസം (ഡിസിടി) വിഭാഗം അറിയിച്ചു.

സുവോളജി, പാലിയന്റോളജി, മോളിക്യുലാർ റിസർച്ച്, എർത്ത് സയൻസസ്, മറൈൻ ബയോളജി എന്നിവ ഉൾപ്പെടെ നൂതന ശാസ്ത്ര പഠന, ഗവേഷണ സൗകര്യങ്ങളും ഇവിടെ ഉണ്ടാകും.ഇതോടെ പൊതുവിദ്യാഭ്യാസത്തിനും ശാസ്ത്ര ഗവേഷണ വികസനത്തിനും ഉതകുന്ന ചരിത്ര മ്യൂസിയങ്ങളുടെ പട്ടികയിൽ ഇടംപിടിക്കും.

സന്ദർശകരിൽ പ്രകൃതിയോടുള്ള അഭിനിവേശം ഉണർത്തുംവിധമാണ് രൂപകൽപന. ആഗോള ടൂറിസം ഭൂപടത്തിൽ അബുദാബിയുടെ സ്ഥാനം ഉയർത്താനും ഇതുവഴി സാധിക്കുമെന്ന് ഡിസിടി അഭിപ്രായപ്പെട്ടു. സംസ്കാരം, കല, സർഗാത്മകത എന്നിവയുടെ കേന്ദ്രമായി അബുദാബിയെ മാറ്റാനും ഇതു സഹായിക്കും.

സാദിയാത്ത് കൾചറൽ ഡിസ്ട്രിക്റ്റിൽ ലൂവ്റ് അബുദാബി, സായിദ് നാഷനൽ മ്യൂസിയം, ഗൂഗൻഹൈം എന്നീ മ്യൂസിയങ്ങളുടെ സമീപത്താണ് നാച്വറൽ ഹിസ്റ്ററി മ്യൂസിയം. പദ്ധതികളിലൂടെ ഒട്ടേറെ പേർക്കു തൊഴിലും ലഭ്യമാകുമെന്നും ഡിസിടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *