കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് ഖാർഗെ ചടങ്ങിനെത്തിയത്. തെരഞ്ഞെടുപ്പു അഥോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി തെരഞ്ഞെടുപ്പു വിജ്ഞാപനം പുതിയ പ്രസിഡന്റിന് കൈമാറി. ഇത് അഭിമാന നിമിഷമാണെന്നും സാധാരണ പ്രവർത്തകന് ഉയർന്ന പദവി നൽകിയതിന് നന്ദിയുണ്ടെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
എഐസിസി പ്ലീനറി സമ്മേളനം മൂന്നു മാസത്തിനകം നടത്തും. സിഡബ്യുസി അംഗങ്ങളെ പ്ലീനറി സമ്മേളനത്തിൽ തീരുമാനിക്കുമെന്നും ഖാർഗെ അറിയിച്ചു.
……………..
ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ പുറത്താക്കണമെന്ന ഗവര്‍ണറുടെ ആവശ്യത്തെ ശക്തമായി എതിര്‍ത്ത് കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതാക്കള്‍.ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ലെന്നും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഈ നീക്കം പല വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണെന്നും സര്‍ക്കാരും ഗവര്‍ണറും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് വ്യാജ ഏറ്റുമുട്ടലാണ്. സർക്കാരും ഗവർണറും സർവകലാശാല വിഷയത്തിലടക്കം ഒരു നിലപാട് സ്വീകരിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടുക്കാട്ടി
…………………………..
സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവന്ദന്. ബിജെപിക്ക് അനുകൂലമായി കാര്യങ്ങള്‍ മാറ്റാനാണ് ശ്രമം നടക്കുന്നത്. ആര്‍എസ്എസ് – ബിജെപി പ്രീതി മാത്രമാണ് ഗവര്‍ണര്‍ നോക്കുന്നത്. ഗവര്‍ണര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
………………………
ഗവര്‍ണര്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
……………………..
മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
………………………
നിയമത്തിന്റെ പിന്‍ബലമില്ലാത്ത കാര്യങ്ങളാണ് ഗവര്‍ണര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
………………………
ഗവര്‍ണറുടെ മാനസികാരോഗ്യം പരിശോധിക്കണമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.
………………………
ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ധനമന്ത്രി കെ എൻ ബാലഗോപാലിനെ നീക്കണമെന്നാണ് കത്തിലെ ആവശ്യം. എന്നാല്‍ ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന് തള്ളി. ഒരുകാരണവശാലം ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്കി. ധനമന്ത്രിയുടെ പ്രസ്താവനെ ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശുകാര്‍ക്ക് കേരളത്തിലെ കാര്യങ്ങള്‍ മനസിലാകില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനയാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.
…………..
ഇന്ത്യയിൽ തന്നെ ഇത്തരം സംഭവങ്ങളുണ്ടോയെന്ന് തനിക്കറിഞ്ഞുകൂടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ താൻ പ്രതികരിക്കുന്നത് ശരിയല്ല. താൻ നടത്തിയത് പരസ്യ പ്രതികരണമാണെന്നും അക്കാര്യത്തിൽ ഇനിയൊരു വിശദീകരണത്തിന്റെയോ പ്രതികരണത്തിന്റെയോ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
……………..
സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറുടെ നിയമനം അസാധുവാക്കിയ സുപ്രീംകോടതി വിധിന്യായത്തിൽ ഗൗരവകരമായ വീഴ്ചകൾ ഉണ്ടെന്ന് ലോക്സഭാ മുൻസെക്രട്ടറി ജനറൽ പി ഡി ടി ആചാരി. സുപ്രീംകോടതിയുടെ വിധി സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർക്കുമാത്രം ബാധകമാകുന്നതാണ്. ഈ വിധിന്യായം എല്ലാ സർവകലാശാലാ വിസിമാർക്കും ബാധകമാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും പി ഡി ടി ആചാരി നിരീക്ഷിച്ചു.
……………..
പീഡന കേസിൽ ആരോപണ വിധേയനായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ചായിരുന്നു പരിശോധന. ഇതിന് ശേഷം കോവളത്തെ സൂയിസൈഡ് പോയിന്റിലും ഗസ്റ്റ് ഹൗസിലും എംഎൽഎയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
…………
പത്തനംതിട്ട ഓമല്ലൂരിലെ ഇലാഹിം ഗ്ലോബൽ വർഷിപ് സെന്റർ ഉടൻ അടച്ചു പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. കോടതി ഉത്തരവ് പ്രകാരം ഓമല്ലൂർ പഞ്ചായത്തിന്റെ നടപടി ആരംഭിച്ചു. പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വെള്ളി, ഞായർ ദിവസങ്ങളിലെ പ്രാർത്ഥന നാട്ടുകാർക്ക് ശല്യം ആയതിനെ തുടർന്നാണ് സമീപ വാസികൾ കോടതിയെ സമീപിച്ചത്. കോടതിയാണ് സ്ഥാപനം അടക്കാൻ നിർദേശം നൽകിയത്.
…………..
കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണം എന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ചെന്നൈയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോയമ്പത്തൂർ നഗരത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും യോഗത്തിൽ തീരുമാനമായി. കരുമ്പുക്കട, സുന്ദരപുരം, ഗൗണ്ടംപാളയം എന്നിവിടങ്ങളിൽ ഉടൻ പുതിയ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ദൗത്യസേന രൂപീകരിക്കുമെന്നും സ്റ്റാലിന് അറിയിച്ചു
……………..
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഋഷി സുനക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യത്തെ ജനങ്ങള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബ്രിട്ടനെ കരകയറ്റാന്‍ പുതിയ പ്രധാനമന്ത്രിക്ക് സാധിക്കുമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്. ധനമന്ത്രിയായിരുന്ന കാലത്ത് ഋഷി സുനക് നടത്തിയ മികച്ച പ്രകടനവും ജനങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. അതേ സമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബ്രിട്ടനില്‍ പലിശയും മറ്റ് ബാങ്ക് റേറ്റുകളും വര്‍ദ്ധിക്കുകയാണെന്ന് യുകെയിലുള്ള മലയാളി മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. ടാക്സ് വര്‍ദ്ധനക്കും ഇടയാക്കിയേക്കാമെന്നാണ് നിരീക്ഷണം.
……………..
FIFA2022 മായി ബന്ധപ്പെട്ട്, ഹമദ് ബ്ലഡ് ഡോണർ സെന്ററിന്റെ അഭ്യർത്ഥന പ്രകാരം ഇൻകാസ് ഖത്തർ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് മറ്റന്നാള്‍ രാവിലെ 8 മണി മുതൽ “അബുഹമൂറിലെ ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) അശോകാ ഹാളിൽ വച്ച്” നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക്…
6680 3742
6607 1770
610 0744
എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
………………
ട്വന്റി-20 ലോകകപ്പിൽ ഇന്ന് നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാൻ-ന്യൂസിലൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ചു. കനത്ത മഴയെത്തുടർന്ന് ടോസ് പോലും നടക്കാതെയാണ് മത്സരം റദ്ദാക്കിയത്. ഇരു ടീമിനും ഓരോ പോയിന്റ് ലഭിക്കും. ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-സിംബാബ് വെ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇന്ന് രാവിലെ നടന്ന ഇംഗ്ലണ്ട്-അയർലൻഡ് മത്സരം മഴമൂലം പൂർത്തിയാക്കാനായില്ല. ഡെക്ക് വർത്ത്-ലൂയിസ് നിയമപ്രകാരം അയർലൻഡ് അഞ്ച് റണ്‍സിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചു.
………………..
ഐസിസി ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മികച്ച പ്രകടനത്തോടെ റാങ്കിംഗില്‍ ആദ്യ പത്തിലേക്കെത്തി വിരാട് കോലി. ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ 635 റേറ്റിംഗ് പോയിന്റുമായി കോലി ഒന്‍പതാമതാണ്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് കോലിയുടെ കുതിപ്പ്.