കോണ്‍ഗ്രസ് പുനഃസംഘടനയെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തുമോയെന്നതില്‍ വ്യക്തതയില്ല. അതേസമയം, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ റബ്ബര്‍ സ്റ്റാമ്പാവില്ലെന്നും, ശശി തരൂരിനെതിരെ പ്രവര്‍ത്തിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഉദയ്പൂര്‍ പ്രഖ്യാപനങ്ങളാണ് പുനഃസംഘടനയ്ക്ക് ആധാരമെങ്കിലും അതിന്റെ സാധ്യതകള്‍ വിശദമായി പരിശോധിക്കാനാണ് പ്രത്യേക സമിതിയെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നിയോഗിക്കുന്നത്. 47 അംഗ സ്റ്റിംയറിംഗ് കമ്മിറ്റിയില്‍ നിന്നാകും സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുക. പ്രവര്‍ത്തക സമിതി മുതല്‍ താഴേ തട്ട് വരെ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യത സമിതി പരിശോധിക്കും. കേരളത്തില്‍ ഇതിനോടകം നിലവില്‍ വന്ന രാഷ്ട്രീയ കാര്യ സമിതിയുടെ പ്രവര്‍ത്തനം മറ്റ് സംസ്ഥാനങ്ങളില്‍ സമിതി രൂപീകരിക്കുന്നതിന് മുന്‍പ് വിലയിരുത്തും.