ഷാരോൺ കൊലപാതകം; പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന്

പാറശാല ഷാരോൺ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയെ പാറശാലയിലെ വീട്ടിൽ കൊണ്ടുപോയി ഇന്ന് തെളിവെടുക്കും. ഇതിനു ശേഷം  നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. 

ഇന്നലെ എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ഷാരോണിന്റെ കൊലപതാകത്തിന്റെ ചുരുൾ അഴിഞ്ഞത്. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്ത വരുത്താനും തെളിവുകൾ നശിപ്പിച്ചതിനെ കുറിച്ച് മനസിലാക്കാനുമുണ്ടെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് പറയുന്നു. ഇതിനായി ഗ്രീഷ്മയെ കസ്റ്റഡയിൽ വാങ്ങി ചോദ്യംചെയ്യും.

വിദ്യാർത്ഥിനിയായ 22കാരി നടത്തിയ കൊലപാതകത്തിൻറെ ഞെട്ടലിലാണ് കേരളം. കൊടും ക്രിമിനലുകളെ പോലെ അങ്ങേയറ്റം ആസൂത്രിതമായാണ് ഗ്രീഷ്മ തൻറെ സുഹൃത്തിനെ എന്നേന്നേക്കുമായി ഇല്ലാതാക്കിയത്. പക്ഷേ ഷാരോണിനെ ഒഴിവാക്കാൻ മെനഞ്ഞെടുത്ത അന്ധവിശ്വാസ കഥകൾ തന്നെ ഗ്രീഷ്മയ്ക്ക് വിനയായി.

 

നിരന്തരം ജ്യൂസ് ചലഞ്ചുകൾ നടത്തി താൻ നാളെ എന്ത് കൊടുത്താലും കുടിക്കുമെന്നത് ഉറപ്പിക്കാനായിരുന്നു 22 കാരിയുടെ ആദ്യ ശ്രമം. ജ്യൂസിൽ വിഷം കലർത്തിയാൽ രുചി വ്യത്യാസം പെട്ടെന്ന് മനസ്സിലാകുമെന്നതിനാലാകാം ജ്യൂസിൽ നിന്ന് പദ്ധതി പിന്നീട് കഷായത്തിലേക്ക് മാറ്റി. തൻറെ അമ്മ കുടിച്ചിരുന്ന കഷായം താൻ കുടിക്കുന്ന കഷായമാക്കി ഷാരോണിൻറെ മുമ്പിൽ അവതരിപ്പിച്ചു. അങ്ങേയറ്റം ചവർപ്പുളള തൻറെ കഷായം ഒരു വട്ടമെങ്കിലും കുടിച്ചു നോക്കിയാലേ  അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാകുകയുളളൂവെന്ന് ഷാരോണിനെ ബോധ്യപ്പെടുത്താനായി അടുത്ത ശ്രമങ്ങൾ. ജ്യൂസ് ചലഞ്ച് അങ്ങനെ കഷായ ചലഞ്ചായി. വീട്ടിലെത്തിയ ഷാരോൺ സുഹൃത്തിനോടുളള സ്‌നേഹത്തിൽ അതിനും നിന്നു കൊടുത്തു. അതോടെ ഷാരോണിൻറെ ആരോഗ്യ സ്ഥിതി മോശമായി, ഗുരുതരമായി. അപ്പോഴും ഗ്രീഷ്മയിലെ ക്രിമിനൽ പ്രവർത്തിച്ച് കൊണ്ടേയിരിക്കുകയായിരുന്നു. ചികിത്സയിലുളള ഷാരോണിന് കഷായത്തെക്കുറിച്ചുളള സംശയം ഇല്ലാതാക്കാൻ ജ്യൂസായിരിക്കും പ്രശ്‌നമെന്ന് പറഞ്ഞുറപ്പിക്കാൻ ശ്രമിച്ചു. 

ഇതിനിടെ തന്നെ ഒരു അന്ധവിശ്വാസ കഥ മെനയാനും ഗ്രീഷ്മ ശ്രമിച്ചു. തന്നെ ആദ്യം കല്ല്യാണം കഴിക്കുന്ന ആൾക്ക് ചുരുക്കായുസ്സായിരിക്കുമെന്നും പറഞ്ഞുറപ്പിക്കാനായിരുന്നു ശ്രമം. ആ ജ്യോത്സ്യ കഥ ഷാരോണിൻറെ കുടുംബത്തിൽ സംശയമുണ്ടാക്കി. അതും അന്വേഷണത്തിൽ നിർണായകമായി.  ചോദ്യം ചെയ്യലിൽ ഈ അന്ധവിശ്വാസ കഥയൊക്കെ പൊളളയാണെന്ന് തെളിഞ്ഞു. വിഷം കണ്ടെത്താനായി ഗ്രീഷ്മ ഇൻറർനെറ്റ് സഹായവും തേടിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *