വാർത്തകൾ ചുരുക്കത്തിൽ

കപ്പല്‍ ജീവനക്കാരെ തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. നൈജീരിയയിലെയും ഗിനിയയിലെയും എംബസികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ബന്ദികള്‍ ആയി കഴിയുന്നവരെല്ലാം സുരക്ഷിതര്‍ ആണെന്നും ആശങ്ക വേണ്ടെന്നും കേന്ദ്രമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. അന്താരാഷ്ട്ര ചട്ടംപാലിച്ച് കൊണ്ട് തന്നെയാണ് ഇരുരാജ്യങ്ങളും മുന്നോട്ട് പോകുന്നത്. നിയമത്തിന്റെ വഴിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ ഉണ്ടാകുന്ന കാലതാമസം മാത്രമാണ് ഇപ്പൊള്‍ നേരിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ട് തവണ ഇന്ത്യന്‍ എംബസി അധികൃതര്‍ സംഘത്തെ കണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു.

അതേസമയം ഗിനിയില്‍ തടവിലായ കപ്പല്‍ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാന്‍ നീക്കമുള്ളതായാണ് സൂചന. 15 പേരെ നൈജീരിയയ്ക്ക് കൈമാറാന്‍ ലൂബാ തുറമുഖത്ത് എത്തിച്ചതായി തടവിലുള്ള കൊല്ലം സ്വദേശി വിജിത്ത് പറഞ്ഞു. ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാന്‍ ഇന്നലെ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെട്ട് ജീവനക്കാരെ മലാവെ ദ്വീപിലേക്ക് മാറ്റിയിരുന്നു. ജീവനക്കാരെ നൈജീരിയന്‍ നേവിക്ക് കൈമാറാനാണ് നീക്കം. നൈജീരിയയില്‍ ജീവനക്കാരെ എത്തിക്കുന്നതോടെ അവിടെ അവര്‍ നിയമനടപടി നേരിടേണ്ടിവരും. നൈജീരിയയില്‍ എത്തിയാല്‍ എന്താവുമെന്ന ആശങ്ക മലയാളികളായ ജീവനക്കാര്‍ പ്രകടിപ്പിച്ചു.

……………………….

കിഴക്കമ്പലത്തെ ട്വന്റി 20യെ മര്യാദ പഠിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. എംഎൽഎ പങ്കെടുക്കുന്ന പൊതു പരിപാടികളിൽ നിന്ന് വിട്ട് നിൽക്കുന്ന ട്വന്‍റി 20 നിലപാട് അംഗീകരിക്കാനാകില്ല എന്നും മന്ത്രി പറഞ്ഞു. സർക്കാരിന്‍റെ ക്ഷമയെ പരീക്ഷിച്ചാൽ മാന്യതയും മര്യാദയും പഠിപ്പിക്കും. പഞ്ചായത്തെന്നാൽ സംസ്ഥാന സർക്കാരിന്‍റെ മുകളിൽ അല്ലെന്നും വി.ശിവൻകുട്ടി പറഞ്ഞു. കുന്നത്തുനാട് മണ്ഡലത്തിലെ മലയിടംത്തുരുത്ത് സ്കൂളിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

……………………….

ശബരിമല സീസണില്‍ നടത്താൻ ബസില്ലാതെ കെഎസ്ആര്‍ടിസി. പ്രതിസന്ധി മറികടക്കാന്‍ കാലാവധി തീരാറായ സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലാവധി നീട്ടി നൽകി. അതേസമയം പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാനുള്ള ടെൻഡർ നടപടികളായെന്നാണ് മാനേജ്മെന്റ് പറയുന്നത്. ശബരിമല സീസൺ അടുത്തിരിക്കെയാണ് കെഎസ്ആർടിസിയിൽ സർവീസ് നടത്താൻ സൂപ്പർ ക്ലാസ് ബസ്സുകൾ ഇല്ലെന്ന കാര്യം പുറത്ത് വരുന്നത്.

……………………….

കൊല്ലത്തെ കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിൽ അസിസ്റ്റന്റ് എഞ്ചിനിയറെ വിജിലൻസ് പിടികൂടി. കല്ലുവാതുക്കൽ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറായ ജോണി ജെ.ബോസ്കോയാണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും പതിനായിരം രൂപയും വിജിലൻസ് പിടിച്ചെടുത്തു. പഞ്ചായത്ത് പരിധിയിലെ മൂന്ന് റോഡുകൾ നിർമിക്കുന്നതിനുള്ള കരാറിന് 25,000 രൂപയാണ് കൈക്കൂലി ചോദിച്ചത്. അതിൽ 15,000 രൂപ നൽകി. ബാക്കി തുക ആവശ്യപ്പെട്ടപ്പോൾ കരാറുകാരൻ സജയൻ വിജിലൻസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു.

……………………….

സംസ്ഥാനത്ത് ഖജനാവിന്റെ സ്ഥിതി കണക്കിലെടുത്ത് ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങൾ ഒരു വർഷത്തേക്ക് കൂട്ടി നീട്ടി സർക്കാർ. സർക്കാർ കെട്ടിടങ്ങൾ മോടി പിടിപ്പിക്കൽ, വാഹനം, ഫർണീച്ചർ വാങ്ങൽ എന്നിവയ്ക്കുൾപ്പെടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് തുടരുക. കൊവിഡ് കാലത്ത് സംസ്ഥാന ഖജനാവ് വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഒരു വർഷത്തേക്ക് കൂടി നീട്ടിയത്. സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ശുപാര്‍ശ സമര്‍പ്പിക്കാന്‍ രണ്ട് വിദഗ്‍ധ സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

……………………….

തമിഴ്‌നാട്ടിലെ മധുര ജില്ലയില്‍ ഉസ്‌ലാംപെട്ടിയിക്ക് സമീപം പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

……………………….

കൃത്രിമ ഗര്‍ഭധാരണ നിയന്ത്രണ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി സുപ്രീംകോടതി. വിവാഹിതരായ സ്ത്രീകള്‍ക്ക് കൃത്രിമ ദാതാവില്‍ നിന്നു ബീജം സ്വീകരിക്കാന്‍ ഭര്‍ത്താവിന്റെ അനുമതി ആവശ്യമാണെന്ന ചട്ടം നിയമത്തില്‍ നിന്നു നീക്കം ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജസ്റ്റീസുമാരായ അജയ് രസ്‌തോഗി, സി.ടി രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാമെന്നു വ്യക്തമാക്കിയത്.

കൃത്രിമ ഗര്‍ഭാധാരണ, സറോഗസി നിയന്ത്രണ നിയമങ്ങള്‍ക്കെതിരേ ഒരു ഐവിഎഫ് സ്‌പെഷ്യലിസ്റ്റ് നല്‍കിയ ഹര്‍ജിക്കൊപ്പം ചേര്‍ത്ത് ഈ ഹര്‍ജിയും പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.

……………………….

ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്കു ദയനീയ തോൽവി. രണ്ടാം സെമി ഫൈനലിൽ ഇന്ത്യയെ പത്തു വിക്കറ്റിനാണു ഇംഗ്ലണ്ട് തോല്‍പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റു പോകാതെ വിജയത്തിലെത്തി. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബട്‌‍ലർ, അലക്സ് ഹെയ്ല്‍സ് എന്നിവർ അർധ സെഞ്ചറി നേടി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. ഹാർദിക് പാണ്ഡ്യ, വിരാട് കോലി എന്നിവരുടെ അര്‍ധ സെഞ്ചറികളാണ് ഇന്ത്യയ്ക്കു കരുത്തായത്. ക്യാപ്റ്റൻ രോഹിത് ശർമ 28 പന്തിൽ 27 ഉം സൂര്യകുമാർ യാദവ് 10 പന്തിൽ 14 ഉം റൺസെടുത്തു പുറത്തായി.

……………………….

ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് പുറത്തായതിന് പിന്നാലെ ബിസിസിഐക്കും സെലക്ടര്‍മാര്‍ക്കുമെതിരെ ആഞ്ഞടിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഈ തോല്‍വിക്ക് കാരണം ബിസിസിഐയും സെലക്ടര്‍മാരുമാണെന്നും ഫോമിലുള്ള മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ തഴഞ്ഞ് ദിനേശ് കാര്‍ത്തിക്കിനും റിഷഭ് പന്തിനും ടീമില്‍ അവസരം നല്‍കിയ സെലക്ടര്‍മാരുടെ ക്വാട്ട കളിയാണ് ഇന്ത്യയില്‍ നിന്ന് ലോകകപ്പ് തട്ടിത്തെറിപ്പിച്ചതെന്നും ശിവന്‍കുട്ടി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.സഞ്ജുവിന് പകരം ടീമിലെത്തിയ കാര്‍ത്തിക്കും പന്തും ഒറ്റ മത്സരത്തില്‍ പോലും രണ്ടക്കം കടന്നില്ലെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

……………………….

ഫിഫ ലോക കപ്പ് നടക്കുന്നതിന്റെ ഭാഗമായി സ്റ്റേഡിയങ്ങളിൽ സുരക്ഷാ പരിശോധനകൾ തുടങ്ങി. വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷൻ പ്രതിരോധ ഡിഫൻസ് യൂണിറ്റും സുരക്ഷാ കമ്മിറ്റിയുമാണ് അൽ ജനൗബ്, അഹമ്മദ് ബിൻ അലി സ്റ്റേഡിയങ്ങളിൽ രാസവസ്തു, റേഡിയോ ആക്ടീവ് സാമഗ്രികൾ ഉണ്ടോയെന്നു പരിശോധിച്ചത്. പ്രതിരോധ മന്ത്രാലയത്തിന്റെ തയാറെടുപ്പുകളുടെ ഭാഗമായാണ് പരിശോധന.

……………………….

സൗദിയിൽ ബിനാമി ബിസിനസിൽ ഏർപ്പെട്ടവർ സ്വയം വിവരങ്ങൾ വെളിപ്പെടുത്തി അധികൃതരെ സമീപിക്കുന്ന പക്ഷം ശിക്ഷ ഒഴിവാക്കി നൽകുമെന്ന് പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു. ബിനാമി ബിസിനസുകളിൽ ഏർപ്പെട്ടവർ ബന്ധപ്പെട്ട വകുപ്പുകൾ സ്ഥാപനം കണ്ടെത്തുന്നതിന് മുമ്പ് വെളിപ്പെടുത്തൽ നടത്തണമെന്നും പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി. സൗദിയിൽ ബിനാമി വിരുദ്ധ നടപടികൾ ശക്തമായി തുടരുന്നതിനിടെയാണ് പബ്ലിക് പ്രൊസിക്യൂഷന്റെ പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *