വാർത്തകൾ ചുരുക്കത്തിൽ

തൊഴിലാളികളുടെ പ്രതിദിന വേതന നിരക്കിൽ കേരളം ഒന്നാം സ്ഥാനത്ത്. റിസര്‍വ്വ് ബാങ്കാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. കേരളത്തിലെ ഒരു നിർമാണ തൊഴിലാളിക്ക് പ്രതിദിനം ശരാശരി 837.3 രൂപയാണ് ലഭിക്കുന്നത്. ഗുജറാത്തും മഹാരാഷ്ട്രയും വളരെ പിന്നിലാണ്. ഗുജറാത്തിൽ 296 രൂപയും മഹാരാഷ്ട്രയിൽ 362 രൂപയാണ് ദിവസവേതനം. ത്രിപുരയിൽ 250 രൂപയും മധ്യപ്രദേശിൽ 267 രൂപയുമാണ് ഒരു ദിവസം ഒരു തൊഴിലാളിക്ക് ലഭിക്കുന്നത്. ജമ്മു കശ്മീരിലും തമിഴ്നാട്ടിലും ഒരു നിർമ്മാണ തൊഴിലാളിക്ക് ഉയർന്ന വരുമാനം ലഭിക്കുന്നുണ്ട്. ഒരു ദിവസം ശരാശരി 519 രൂപയാണ് ജമ്മു കശ്മീരിലെ വരുമാനം. തമിഴ്‌നാട്ടില്‍ 478 രൂപ വരെ ലഭിക്കുന്നുണ്ടെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

………………

തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ‘ഓപ്പറേഷൻ താമര’ പദ്ധതിക്കായി എംഎൽഎമാരെ വിലയ്‌ക്കെടുക്കാൻ ശ്രമിച്ച കേസിൽ ബിഡിജെഎസ് നേതാവും എൻഡിഎ കേരള കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്. ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, ജഗ്ഗു സ്വാമി എന്നിവർക്കും തെലങ്കാന പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചു. ടിആർഎസ് എംഎൽഎമാരുമായി തുഷാർ ഫോണിൽ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

…………

പെഴ്സണല്‍ സ്റ്റാഫിലെ 20 പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ 2020 ല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് കോടതി അലക്ഷ്യവും സുപ്രീം കോടതി വിധിക്ക് എതിരുമാണെന്ന്‌ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. കത്തയച്ചത്‌ സര്‍ക്കാറിന്റെ റൂള്‍സ് ഓഫ് ബിസിനസ്സിന് ഘടകവിരുദ്ധവുമാണെന്നും എ കെ ബാലന്‍ ചൂണ്ടിക്കാട്ടി.

………….

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അതിഥികളായി എത്തുന്നവർക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിന്റെ വാഹനങ്ങൾ വിട്ടുനൽകാൻ ആവശ്യപ്പെട്ട്‌ രാജ്‌ഭവനിൽ നിന്ന് പൊതുഭരണ വകുപ്പിന് അയച്ച കത്ത് പുറത്ത്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് 2021 സെപ്‌തംബർ 23ന് അയച്ച കത്താണ് പുറത്ത് വന്നത്. ഇന്നോവയടക്കം മൂന്ന് വാഹനങ്ങൾ, ഡ്രൈവർ ഉൾപ്പെടെ ആറു മാസത്തേക്ക് വിട്ടുനൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

………………

കൊച്ചിയിൽ 19കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷമെന്ന് പൊലീസ്. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. ക്രൂരമായ കൂട്ട ബലാത്സംഗമാണ് വാഹനത്തില്‍ നടന്നതെന്നും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വാഹനത്തിൽ ഹോട്ടലിന് പുറത്ത് പാർക്കിംഗ് ഏരിയയിൽ വെച്ചും പൊതുനിരത്തിൽ വെച്ചും യുവതി പീഡിപ്പിക്കപ്പെട്ടു. എല്ലാത്തിനും പ്രതി ഡിംപളാണ് ഒത്താശ ചെയ്തതെന്നും പൊലീസ് പറയുന്നു.

………………

കൂട്ട ബലാത്സംഗ കേസ് പരിഗണിക്കവെ കോടതിയില്‍ നാടകീയ സംഭവങ്ങള്‍. അഡ്വ ആളൂരും അഡ്വ അഫ്സലുമാണ് കോടതിയിൽ ഡിംപളിന് വേണ്ടി ഹാജരായത്. കോടതിയിൽ നിന്ന് ഇറങ്ങിപ്പോകാൻ അഡ്വ അഫ്സലിനോട് അഡ്വ ആളൂർ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. ബഹളം വെക്കാൻ ഇത് ചന്തയല്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. അതിനിടെ താൻ കേസ് ഏൽപ്പിച്ചത് അഡ്വ അഫ്സലിനെയാണെന്ന് പ്രതിയായ ഡിംപൾ വ്യക്തമാക്കി. ഇതോടെയാണ് അഭിഭാഷകർ തമ്മിലെ വാക്കേറ്റം അവസാനിച്ചത്.

……………….

സംസ്ഥാനത്ത് റേഷൻ കടയുടമകൾ സമരത്തിലേക്ക് പോകുന്ന സാഹചര്യമുണ്ടാകില്ലെന്ന്‌

ധനമന്ത്രി കെ എൻ ബാലഗോപാൽ. റേഷൻ കടയുടമകൾക്ക് നൽകാനുള്ള മുഴുവൻ കമ്മീഷനും കൊടുത്ത് തീർക്കും. കടയടച്ച് പ്രതിഷേധമെന്ന് വാർത്തകളിൽ ആണ് കണ്ടത്. അക്കാര്യം ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

…………

ശശി തരൂരിനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണുകള്‍ ഒരു സൂചിവച്ചാല്‍ പൊട്ടിപ്പോകുമെന്നും തങ്ങളാരും അങ്ങിനെ പൊട്ടില്ലെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അത് ആരം നടത്തിയാലും അനുവദിക്കില്ലെന്ന് സതീശന്‍ പറഞ്ഞു.

………….

കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അപ്രഖ്യാപിത വിലക്കിനിടെ ശശി തരൂരിന്‍റെ മലബാര്‍ പര്യടനം തുടരുന്നു. പാണക്കാട് തറവാട്ടിലെത്തിയ തരൂര്‍ മുതിർന്ന മുസ്ലിം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി. പാണക്കാട്ടെ സന്ദര്‍ശനം സാധാരണ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

00

കോൺഗ്രസിൽ സമാന്തര പ്രവർത്തനം അനുവദിക്കില്ലെന്ന സതീശന്‍റെ മുന്നറിയിപ്പിന് അദ്ദേഹം മറുപടി നല്‍കി.കേരള രാഷ്ട്രീയത്തിൽ വന്നത് മുതൽ ഒരുഗ്രൂപ്പിന്റെയും ഭാഗമല്ല. വിഭാഗീയതയുടെ എതിരാളിയാണ് താനെന്നും ഒരു ഗ്രീപ്പിലും വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

00

……………..

ശശി തരൂരിനെ പലപ്പോഴും പാണക്കാട്ട് ക്ഷണിക്കാറുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍

പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍. ശശി തരൂര്‍ മികച്ചൊരു രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും അദ്ദേഹം പ്രതികരിച്ചു. ശശി തരൂര്‍ പാണക്കാട് എത്തിയത് സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

……….

സാമ്പത്തിക പ്രശ്നങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ അനാവശ്യ ചെലവുകള്‍ നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നികുതി പിരിവ് കാര്യക്ഷമമല്ല. ജിഎസ് ടി യും ശരിയായ രീതിയിലല്ല പിരിക്കുന്നത്. റിബില്‍ഡ് കേരളയും നവകേരള പദ്ധതിയും എന്തായെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

…………..

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ രേഖ ചമയ്ക്കല്‍ വകുപ്പുകളാണ് മേയറുടെ പരാതിയില്‍ ചുമത്തിയത്. മേയറുടെ ലെറ്റര്‍ പാഡില്‍ ആരോ കൃത്രിമം കാണിച്ചെന്നാണ് എഫ്ഐആര്‍. കത്ത് വ്യാജമാണോ എന്ന് ഉറപ്പിക്കാൻ ഒറിജിനൽ കണ്ടെത്തണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

……….

മംഗളുരു സ്ഫോടന കേസ് മുഖ്യപ്രതി മുഹമ്മദ് ഷരീഖ് ആലുവയിൽ താമസിച്ചതായി സ്ഥിരീകരണം. അഞ്ച് ദിവസമാണ് ഇയാൾ കേരളത്തിൽ തങ്ങിയത്. ഇയാൾ സന്ദർശിച്ച വ്യക്തികളുടെ വിശദാംശങ്ങൾ എടിഎസ് ശേഖരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *