വാർത്തകൾ ഒറ്റനോട്ടത്തിൽ

തുറമുഖനിര്‍മ്മാണത്തിന് കല്ലുകളുമായെത്തിയ ലോറികള്‍ തടഞ്ഞതിന് പിന്നാലെ വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തില്‍ വൈദികരടക്കമുള്ളവര്‍ക്കെതിരെ കേസ്. സമരം വീണ്ടും സംഘര്‍ഷത്തിലേക്ക് പോയ സാഹചര്യത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ പോലീസ് ചുമത്തുമെന്നാണ് വിവരം.

…………………………………….

സംസ്ഥാനത്തെ ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ കരുതല്‍ തടങ്കലും സ്വത്തു കണ്ടുകെട്ടലുമായി പോലീസ്. പ്രധാന ലഹരി വില്‍പനക്കാരെന്ന് കണ്ടെത്തിയ 161 പേരെ കരുതല്‍ തടങ്കലിലാക്കാനും 115 പേരുടെ സ്വത്തുകണ്ടുകെട്ടാനും നടപടി തുടങ്ങിയെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍ പറഞ്ഞു.

…………………………………….

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കുന്നത് എന്ന് അവകാശപ്പെട്ടുള്ള വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ബിജെപി നേതാവിനെതിരെ കേസ്. മധ്യപ്രദേശ് ബിജെപി മീഡിയ സെൽ മേധാവി ലോകേന്ദ്ര പരാശറിനെതിരെയാണ് ഛത്തീസ്ഗഡ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

…………………………………….

ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിക്ക് ഏർപ്പെടുത്തിയ വിലക്ക് സിനിമാ സംഘടന പിൻവലിച്ചു. സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചത്.

…………………………………….

ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ രണ്ട് അര്‍ധ സൈനികര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ പോര്‍ബന്തറിനടുത്ത് ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

…………………………………….

ആർ.എസ്.എസും ബി.ജെ.പിയും ഭരണഘടനയെ ഇല്ലാതാക്കാൻ ആഹ്രഗിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി ആർ അബേദ്കറിന്‍റെ ജന്മസ്ഥലത്ത് ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

…………………………………….

കേരളത്തിൽ ജനിച്ചു വളർന്ന പലരെക്കാളും നന്നായി മുണ്ടുടുക്കാൻ തനിക്ക് അറിയാം എന്നതാണ് പലരുടെയും യഥാർഥ പ്രശ്നമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യുപിക്കാരനായ ആരിഫ് മുഹമ്മദ് ഖാനു കേരളത്തിലെ സാഹചര്യങ്ങൾ അറിയില്ലെന്ന മന്ത്രി കെ.എൻ. ബാലഗോപാലിന്റെ വിവാദ പരാമർശത്തിനാണ് ഗവർണർ ഇങ്ങനെ മറുപടി നൽകിയത്.

…………………………………….

മൂന്നു വർഷമായി തുടരുന്ന കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചൈനയിലെ ഷാങ്‌ഹായിൽ പ്രതിഷേധം. വ്യാഴാഴ്ച സിൻജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംകിയിലെ ഒരു ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ലോക്ഡൗണിൽ കെട്ടിടം ഭാഗികമായി അടച്ചിട്ടതിനാൽ താമസക്കാർക്ക് രക്ഷപ്പെടാനായില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു.

…………………………………….

ചൈനയിൽ കോവിഡ് കേസുകളിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. ശനിയാഴ്ച 39,791 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 31,709 പേർക്ക് രോഗലക്ഷണങ്ങളില്ല. 2019ൽ ആദ്യമായി വുഹാനിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കേസാണിത്

…………………………………….

ഏത് ജില്ലയിലും പരിപാടികള്‍ക്ക് പോകുമ്പോള്‍ ഡി.സി.സി. പ്രസിഡന്റുമാരെ അറിയിക്കാറുണ്ടെന്ന് ശശി തരൂര്‍ എം.പി. പൊതുപരിപാടിയിലും കോണ്‍ഗ്രസ് പരിപാടിയിലും പങ്കെടുക്കുമ്പോള്‍ അറിയിക്കാറുണ്ടെന്നും അത് പതിനാല് വര്‍ഷമായി തന്റെ രീതിയാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

…………………………………….

നേരിട്ടു കാണുമ്പോള്‍ വി.ഡി. സതീശനുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന്, സംസാരിക്കാതിരിക്കാന്‍ തങ്ങള്‍ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികളല്ലോ എന്ന് ശശി തരൂര്‍ എം പി. എല്ലാവരേയും കാണാനും സംസാരിക്കാനും എനിക്കൊരുബുദ്ധിമുട്ടുമില്ലെന്നും. എന്തെങ്കിലും ബുദ്ധിമുട്ടോ തെറ്റിദ്ധാരണയോ ഉള്ളതായി താരിഖ് അന്‍വര്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും തരൂർ വ്യക്തമാക്കി.

…………………………………….

കോഴിക്കോട് വച്ച് മരണപ്പെട്ട അതിഥി തൊഴിലാളിയുമായി ബീഹാറിലേക്ക് പോയ ആംബുലൻസിന് സുരക്ഷയൊരുക്കി ബിഹാർ പൊലീസ്. ബിഹാറിലെ പൂർണിയ ജില്ലയിലേക്ക് മൃതദേഹവുമായി പോകുകയായിരുന്ന ഈ ആംബുലൻസിന് നേരെ ഇന്നലെ മധ്യപ്രദേശിൽ വച്ച് വെടിവയ്പ്പുണ്ടായിരുന്നു.

…………………………………….

കിളികൊല്ലൂരിൽ സൈനികനെയും സഹോദരനേയും പൊലീസ് മർദിച്ച സംഭവത്തിൽ പൊലീസുകാരെ സംരക്ഷിച്ച് കമ്മീഷണറുടെ റിപ്പോർട്ട്. മര്‍ദിച്ചത് ആരാണെന്ന് അറിയില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

…………………………………….

Leave a Reply

Your email address will not be published. Required fields are marked *