വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലറുടെ സ്ഥാനത്ത് പ്രശസ്തനായ വിദ്യാഭ്യാസ വിദഗ്ധനെ നിയമിക്കുന്നതിന് സര്‍വകലാശാലാ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തുന്ന നിയമ നിര്‍മ്മാണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

…………………………..

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നിഷേധിച്ചതായി സർക്കാർ വ്യക്തമാക്കി.

…………………………..

തിരുവനന്തപുരം പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള ലഹരി വിരുദ്ധ പാര്‍ലമെന്റ് ‘ഉണര്‍വ് 2020’ ന്റെ ഉദ്ഘാടനം സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ‘അക്ഷരമാണ് ലഹരി, വായനയാണ് ലഹരി’ എന്ന സന്ദേശത്തോടെയാണ് ഉണര്‍വ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. സമൂഹത്തില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്നും ഇതിന് വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും പിന്തുണ അത്യാവശ്യമാണെന്നും സ്പീക്കര്‍ പറഞ്ഞു.

…………………………..

കൊച്ചി പൂത്തോട്ട എസ്എൻ കോളജിലെ വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോയതായി പരാതി. യൂണിയൻ ഭരണം പിടിക്കാൻ എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടു പോയന്നാണ് പരാതി. പരാതിയില്‍ ഉദയം പേരൂർ പോലീസ് കേസെടുത്തു.

…………………………..

കാമുകിയെ വിവാഹം കഴിക്കാൻ 20 ലക്ഷം രൂപ മോഷ്ടിച്ച എടിഎം സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. 23 കാരനായ സെക്യൂരിറ്റി താൻ ജോലി ചെയ്തിരുന്ന ബാംഗ്ലൂരിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽ നിന്നുമാണ് 19.9 ലക്ഷം രൂപ മോഷ്ടിച്ചത്.

…………………………..

പാലക്കാട് കൊപ്പത്ത് ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകന് 62 വർഷം കഠിന തടവ്. മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുൾ ഹക്കീമിനാണ് 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പട്ടാമ്പി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

…………………………..

തീരത്തെയും തീരദേശവാസികളെയും ഗുരുതരമായി ബാധിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിന്‍ നടക്കുന്ന സമരം സംഘര്‍ഷഭരിതമായതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ന്യായമായ ആവശ്യം മുന്‍നിര്‍ത്തിയുള്ള സമരത്തില്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള അനിഷ്ടകരമായ സംഭവങ്ങള്‍ ഉണ്ടായത് അംഗീകരിക്കാനാവില്ലെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.

…………………………..

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കരട് ബില്ലിനെ വിമര്‍ശിച്ച് കൃഷി വകുപ്പ് സെക്രട്ടറി ബി അശോക്. ചാന്‍സലറെ മാറ്റാനുള്ള കാരണം ആമുഖത്തില്‍ ഇല്ലെന്ന് അശോക് പറഞ്ഞു. അശോകിന്‍റെ നടപടിയില്‍ മന്ത്രിസഭ അതൃപ്തി രേഖപ്പെടുത്തി. അതൃപ്തി ചീഫ് സെക്രട്ടറി അശോകിനെ അറിയിക്കും. സര്‍വ്വകലാശാല ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗം ഇന്നാണ് അംഗീകാരം നൽകിയത്.

…………………………..

കസ്റ്റഡി മരണ കേസില്‍ ഗുജറാത്ത് ഹൈക്കോടതി വാദം കേള്‍ക്കുന്നത് ആരംഭിച്ചതിനെതിരേ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ കൂടുതല്‍ തെളിവുകള്‍ കൂട്ടിച്ചേര്‍ക്കണമെന്ന് സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നതിന് മുന്‍പേ വാദം ആരംഭിച്ചതിലാണ് എതിര്‍പ്പുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

…………………………..

Leave a Reply

Your email address will not be published. Required fields are marked *