കന്യാകുമാരിയിലെ ‘ഒരു ഭയങ്കര കള്ളന്‍!’

കന്യാകുമാരിയിലെ ‘ഒരു ഭയങ്കര കള്ള’നാണ് ഇപ്പോള്‍ വാര്‍ത്താതാരം. ഈ കള്ളന്‍ അത്ര നിസാരക്കാരനല്ല കേട്ടോ! കള്ളന്മാരെ പിടിക്കാനുള്ള സിസിടിവി തന്നെ അടിച്ചുമാറ്റലാണ് കള്ളന്റെ വിനോദം. തുടര്‍ച്ചയായി 13 ക്യാമറകളാണ് കള്ളന്‍ അടിച്ചുമാറ്റിയത്. കന്യാകുമാരിയിലെ ഒരു പ്ലൈവുഡ് കമ്പനിയിലാണ് മോഷണ പരമ്പര അരങ്ങേറിയത്. കമ്പനിയുടെ പരിസരം നിരീക്ഷിക്കാനാണ് ഉടമ ക്യാമറ സ്ഥാപിച്ചത്. എന്നാല്‍, സിസിടിവി തന്നെ മോഷണം പോയത് ഉടമയെ ആശങ്കയിലാക്കി. അതേസമയം, കമ്പനിയില്‍ നിന്നു വിലപിടിപ്പുള്ള മറ്റൊന്നും മോഷണം പോകുന്നുമില്ല.

തന്റെ കമ്പനിയില്‍ സ്ഥാപിക്കുന്ന സിസിടിവി ക്യാമറകള്‍ക്ക് എന്തു സംഭവിക്കുന്നുവെന്ന് അറിയാന്‍ കമ്പനി ഉടമ തീരുമാനിച്ചു. കമ്പനി ഉടമയും സിസിടിവി ക്യാമറ സ്ഥാപിച്ച ടെക്‌നീഷ്യന്മാരും വിദഗ്ധമായ പരിശോധന ആരംഭിച്ചു. ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളെല്ലാം പരിശോധിച്ചു.

അപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കള്ളന്റെ തനിരൂപം പുറത്തുവന്നത്. ആ കള്ളന്‍ മറ്റാരുമല്ല. ഒരു കുരങ്ങന്‍! സിഗ്നല്‍ നഷ്ടപ്പെടുന്നതിനു മുമ്പ് കുരങ്ങന്റെ മുഖം ക്യാമറയില്‍ പതിഞ്ഞിരുന്നു. ആ പ്രദേശത്തു കുരങ്ങന്മാര്‍ ഉണ്ടെങ്കിലും ഇതുപോലൊരു സൂത്രപ്പണി വാനരശ്രേഷ്ഠന്മാര്‍ ഒപ്പിക്കുമെന്ന് ആരെങ്കിലും മനസില്‍ പോലും വിചാരിക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *