ബിസിനസ് വാർത്തകൾ

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധന നാളെ പ്രാബല്യത്തില്‍ വരും. ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. ആവശ്യക്കാര്‍ കൂടുതലുള്ള നീല കവര്‍ ടോണ്‍ഡ് മില്‍ക്കിന് ലിറ്ററിന് 52 രൂപയായിരിക്കും നാളെ മുതല്‍ വില. തൈരിനും നാളെ മുതല്‍ വില കൂടും.

…………….

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നാളെ ഡിജിറ്റൽ രൂപ പുറത്തിറക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് എന്നിവയുൾപ്പെടെ നാല് ബാങ്കുകളുമായി ആർ‌ബി‌ഐ ധാരണയിലെത്തിയിട്ടുണ്ട്. തിരഞ്ഞെടുത്ത ഈ ബാങ്കുകൾ വഴി ആയിരിക്കും ഡിജിറ്റൽ രൂപ ലഭിക്കുക. ഇന്ത്യൻ രൂപയുടെ ഡിജിറ്റൽ പതിപ്പാണ് ഡിജിറ്റൽ രൂപ.

…………..

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്നും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 417 പോയിന്‍റ് ഉയര്‍ന്ന് 63,099 ലും ദേശീയ സൂചിക നിഫ്റ്റി 140 പോയിന്‍റ് ഉയര്‍ന്ന് 18,758ലുമാണ് വ്യാപാരം ക്ലോസ് ചെയ്തത്. വിപണിയിൽ ഇന്ന് ഏകദേശം 1992 ഓഹരികൾ മുന്നേറി, 1395 ഓഹരികൾ ഇടിഞ്ഞു, 104 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.

…………….

എൻ.ഡി.ടി.വിയുടെ പ്രൊമോട്ടർ കമ്പനിയായ ആർ.ആർ.പി.ആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് രാജിവെച്ച് പ്രണോയ് റോയിയും രാധിക റോയിയും. ആർ.ആർ.പി.ആർ.എച്ചിന് , എൻ.ഡി.ടി.വിയിൽ 29.18 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം, പ്രൊമോട്ടർമാർ എന്ന നിലയിൽ ഇരുവർക്കുമുള്ള 32.16 ശതമാനം ഓഹരി പങ്കാളിതം എൻ.ഡി.ടി.വിയിൽ തുടരും. ചാനലിന്റെ ബോർഡിൽ നിന്ന് ഇരുവരും രാജിവെച്ചിട്ടില്ല. ശതകോടീശരന്‍ ഗൗതം അദാനി ആർ.ആർ.പി.ആർ ല്‍ മേധാവിത്വം സ്ഥാപിച്ചതോടെയാണ് ഇരുവരും രാജിവച്ചത്.

……………..

ഫസ്റ്റ് ടാപ്പ് എന്ന പേരിൽ സ്റ്റിക്കർ അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ് കാർഡ് പുറത്തിറക്കി. ഐഡിഎഫ്‌സി ബാങ്ക്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഈ ഡെബിറ്റ് കാർഡ് പുറത്തിറക്കിയത്. കോൺടാക്റ്റ്‌ലെസ് കാർഡുകൾ വഴി നടത്തുന്ന ഇടപാടുകളുടെ എണ്ണം അതിവേഗം വളരുകയാണ്.

………..

51 ആമത് ദേശീയ ദിനത്തിന് മുന്നോടിയായി സ്വദേശികളുടെ ദശ ലക്ഷകണക്കിന് ദിര്‍ഹത്തിന്‍റെ ബാങ്ക് വായ്പ എഴുതിത്തള്ളി യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 17 ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 1,214 സ്വദേശികളുടെ കടങ്ങൾ എഴുതിത്തള്ളിയതായി നോൺ-പെർഫോമിംഗ് ഡെബ്റ്റ് റിലീഫ് ഫണ്ട് പ്രഖ്യാപിച്ചു.

…………..

യു എ ഇ ദേശീയദിനത്തോടനുബന്ധിച്ച് ഡിസംബർ 1 മുതൽ മൂന്ന് ദിവസത്തേക്ക് അബുദാബിയിൽ പാർക്കിങ് ഫീസുകൾ നൽകേണ്ടതില്ല. ഞായറാഴ്ച ദിവസങ്ങളിൽ പൊതു അവധി ആയതിനാല്‍ തലസ്ഥാന നഗരിയിൽ പാർക്കിംഗ് ഫീസുകൾ ഇടാക്കുകയില്ല. ഡിസംബർ ഒന്നു മുതൽ ഡിസംബർ 5 രാവിലെ 7.59 വരെ ഈ ആനുകൂല്യം ലഭിക്കും.

……………

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഷാർജയിൽ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയിൽ 50 ശതമാനം ഇളവ് അനുവദിച്ചു. യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് ഷാർജ എക്സിക്യൂട്ടീവ് കൌൺസിൻറെയാണ് തീരുമാനം. ഡിസംബർ ഒന്നിന് മുൻപുള്ള നിയമലംഘനങ്ങൾക്കാണ് ഇളവ് ബാധകം. ജനുവരി 20 വരെ പിഴ അടയ്ക്കാം.

…………

യു.എ.ഇയിൽ ഫാമിലി ബിസിനസുകളുടെ വളർച്ച ലക്ഷ്യമിട്ടുള്ള പുതിയ ഫാമിലി ബിസിനസ് നിയമം ജനുവരിയിൽ പ്രാബല്യത്തിൽ വരും. ഫാമിലി ബിസിനസുകളെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക മേഖല കൂടുതൽ കരുത്തുറ്റതാക്കുകയുമാണ് ലക്ഷ്യം. സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

…………

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അബുദാബി ഡൽമ മാളിൽ പുതിയ ഷോറൂം തുടങ്ങി. അബുദാബിയിലെ 16 ആമത്തെ ഷോറൂമാണിത്. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദും, മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി. വീരാൻകുട്ടിയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *