വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ അക്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് കെ.മുരളീധരൻ

വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ അക്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് കെ.മുരളീധരൻ എംപി. വിഴിഞ്ഞം വിഷയത്തിൽ സിപിഎം മലക്കം മറിയുകയാണെന്നും യുഡിഎഫ് കാലത്ത് മത്സ്യത്തൊഴിലാളികളെ പിന്തുണച്ചവർ ഇന്ന് അവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണെന്നും മുരളീധരൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖം നേരിട്ട് കാണാത്ത ആളാണ് തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവർ കോവിലെന്നും മുരളീധരൻ പരിഹസിച്ചു.

മുരളീധരൻ്റെ വാക്കുകൾ

ഇനി നേമം സീറ്റ് കിട്ടില്ല എന്നറിയുന്നതു കൊണ്ടാണ് മന്ത്രി വി.ശിവൻകുട്ടി ലത്തീൻ അതിരൂപതയെ വിമർശിക്കുന്നത്. ഇവിടെ ജാതിയുടേയും മതത്തിൻ്റേയും പേരിൽ സംഘർഷം ഉണ്ടാകരുത്. പോലീസ് സ്റ്റേഷൻ ആക്രമിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല. കടപ്പുറത്തെ പ്രശ്നങ്ങൾ കൈവിട്ടു പോകുമെന്ന് അറിയാത്ത ആളാണോ മുഖ്യമന്ത്രി. ഈ ആക്രമണത്തിൻ്റെ കാരണം സർക്കാരിൻ്റെ പിടിപ്പുകേടാണ്. ആരാണ് ഇവിടെ തീവ്രവാദി? അങ്ങനെ ആരെങ്കിലും നുഴഞ്ഞുകയറിയിട്ടുണ്ടെങ്കിൽ അവരെ വെളിച്ചത്തു കൊണ്ടുവരേണ്ടത് സർക്കാരല്ലേ..?

മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികൾ എന്ന് വിളിക്കാൻ ആരാണ് മന്ത്രിക്ക് അനുമതി കൊടുത്തത്, മന്ത്രിമാരുടെ നാക്ക് നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ സംഘപരിവാറിനെ അഴിഞ്ഞാടാൻ അനുവദിക്കുന്ന സ്ഥിതിയാണ് ഇവിടെ.  മത്സ്യത്തൊഴിലാളിയുടെ ചട്ടിയിൽ കൈയിട്ട് വേണമോ അദാനിയുടെ നഷ്ടം നികത്താൻ…? അതു കൊടുക്കുന്നത് സംഘി മുഖ്യമന്ത്രിയല്ല കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് എന്നോർക്കണം. സംഘർഷം കത്തി നിൽക്കുന്ന വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷൻ ആക്രമണം ഉണ്ടാകും എന്ന് സർക്കാർ അറിഞ്ഞില്ലേ…? അത് സർക്കാരിൻറെ പരാജയമാണ്. രാജ്യദ്രോഹി എന്ന് വിളിക്കാൻ മന്ത്രിക്ക് കൊമ്പുണ്ടോ.? മന്ത്രി അബ്ദുറഹ്മാൻ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. പോലീസ് സ്റ്റേഷൻ അക്രമിച്ചവർക്കെതിരെ കർശന നടപടി  വേണം

Leave a Reply

Your email address will not be published. Required fields are marked *