വാർത്തകൾ ചുരുക്കത്തിൽ

വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെ നടത്തിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടന്നത്. ഭീഷണിയും വ്യാപക ആക്രമണവും നടന്നുവെന്ന് മുഖ്യമന്ത്രി പഞ്ഞു. അക്രമികളുടെ ലക്ഷ്യം സാധിക്കാതെ പോയത് പോലീസിന്റെ ധീരമായ നിലപാടു കൊണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

…………

വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്‍റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ല. ആരുടേയും സിർട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും നാവിനു എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയരുതെന്നും മന്ത്രി പറഞ്ഞു.

…………

വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണ സംഭവത്തില്‍ എല്ലാം അന്വേഷിക്കുമെന്ന് ഡിജിപി അനില്‍കാന്ത്. അന്വഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

…………..

വിഴിഞ്ഞം സമരം നീണ്ടുപോകാന്‍ കാരണം മുഖ്യമന്ത്രിയാണെന്ന ആരോപണവുമായി സമരസമിതി. സമരത്തില്‍ നിരോധിത സംഘടനകളുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെയെന്നും സമരസമിതി കണ്‍വീനര്‍ ഫാദര്‍ മൈക്കിള്‍ തോമസ് പറഞ്ഞു.

…………..

കേരളത്തിന്‍റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അടുത്ത ഓണത്തിന് ആദ്യ കപ്പലെത്തുന്ന രീതിയില്‍ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. വലിയ സാധ്യതകളാണ് വിഴിഞ്ഞം തുറമുഖത്തിലൂടെ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

…………..

വികസനത്തിന്‍റെ ഇരകളാണ് വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അവര്‍ക്ക് നല്‍കിയ ഏതെങ്കിലും വാഗ്ദാനം സര്‍ക്കാര്‍ നടപ്പാക്കിയോ എന്ന് അദ്ദേഹം ചോദിച്ചു. മോദിയുടെ നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏകാധിപതികളാണ് സമരങ്ങളെ ഭയക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

…………..

കാണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരോപണങ്ങള്‍ക്ക് പിന്നില്‍ സമുദായത്തെ തകര്‍ക്കുക എന്ന ലക്ഷ്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. കെ കെ മഹേശന്റെ മരണവുമായി തനിക്ക് ബന്ധമില്ല. കേസ് സിബിഐ അന്വേഷിക്കട്ടെ. തന്നെയും മകനെയും എസ്എന്‍‌ഡിപി നേത്യത്വത്തിൽ നിന്ന് മാറ്റുന്നതിനായുള്ള ഗൂഢ ലക്ഷ്യമാണ് പരാതിക്ക് പിന്നിലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

…………..

സംസ്ഥാനത്ത് പുതിയ വൈദ്യുതി നയം കൊണ്ടുവരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. സൗരോര്‍ജ്ജ പ്ലാന്‍റ് എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷനില്‍ നിര്‍മ്മിച്ച വീടുകള്‍ക്കും സൗരോര്‍ജ്ജം ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

…………….

ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതില്‍ കടുത്ത ആശങ്കയുമായി ഹൈക്കോടതി. 137 കേസുകളാണ് ഈ വര്‍ഷം രജിസ്റ്റർ ചെയ്തത്. ഇത് ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കോടതി, ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് ചോദിച്ചു. ഡോക്ടര്‍മാരോ ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

…………..

അഫിലിയേഷന്‍ വിഷയത്തിലെ കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും നേരിട്ട് ഹാജരാകേണ്ടിവരുമെന്ന് ഹൈക്കോടതി. കണ്ണൂരിലെ മലബാർ എജുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് കോടതി ഉത്തരവുണ്ടായിട്ടും അഫിലിയേഷൻ നൽകിയില്ലെന്ന പരാതിയിലാണ് കോടതിയുടെ പരാമര്‍ശം. സർക്കാരും ഹൈക്കോടതിയും അനുകൂല നിലപാട് സ്വീകരിച്ചിട്ടും കോളേജിന് അഫിലേഷൻ നൽകാൻ സർവകലാശാല തയാറായില്ല. ഇതോടെയാണ് കോടതിലക്ഷ്യ ഹർജിയുമായി മാനേജ്മെൻ്റ് ഹൈക്കോടതിയെ സമീപിച്ചത്.

……………..

സുനന്ദ പുഷ്ക്കറിൻ്റെ മരണത്തിലെ വിചാരണ നടപടികളിൽ നിന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ഒഴിവാക്കിയതിനെതിരെ ദില്ലി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു. പതിനഞ്ച് മാസത്തിന് ശേഷമാണ് ദില്ലി പൊലീസിന്‍റെ നടപടി. കേസ് ഫെബ്രുവരി ഏഴിന് പരിഗണിക്കും. സുനന്ദ പുഷ്കറിന്‍റെ മരണത്തിൽ ശശി തരൂരിനെ ദില്ലി കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

……………

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അല്‍പ സമയത്തിനകം പൂര്‍ത്തിയാകും. വൈകീട്ട് അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്. സൗരാഷ്ട്ര, കച്ച്‌, ദക്ഷിണ മേഖലകളിലെ 89 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ്‌. മൊത്തം 788 സ്ഥാനാർഥികളാണ്‌ ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്‌. ഈ മാസം അഞ്ചിനാണ്‌ രണ്ടാം ഘട്ട വോട്ടെടുപ്പ്‌.

Leave a Reply

Your email address will not be published. Required fields are marked *