വാർത്തകൾ ഒറ്റനോട്ടത്തിൽ

27-ാമത് ഐഎഫ്എഫ്കെയ്ക്ക് തലസ്ഥാന നഗരിയിൽ ഔപചാരിക തുടക്കം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.

……………………………

അഞ്ചു വര്‍ഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപവത്കരണം കടുത്ത പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പാര്‍ട്ടിക്കുള്ളിലെ വടംവലി തെരുവിലേക്കും നീണ്ടു. മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങിന്റെ അനുയായികള്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ വാഹനം തടഞ്ഞു.

……………………………

വിവാദമായ ഏക സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ അനുമതി. ബിജെപി എംപി കിറോഡി ലാൽ മീണയാണ് സ്വകാര്യ ബിൽ ആയി എകസിവിൽ കോ‍ഡ് സഭയിൽ അവതരിപ്പിക്കാൻ അനുമതി തേടിയത്.

……………………………

പ്രളയസമയത്തടക്കം കേരളത്തിന് നല്‍കിയ ഭക്ഷ്യ ധാന്യത്തിന്റെ പണം കേന്ദ്രം തിരികെ വാങ്ങുന്നത് മനുഷ്യത്വ രഹിതമെന്ന് സിപിഐഎം ദേശീയ സെക്രട്ടറി സിതാറാം യെച്ചൂരി. അനുവദിക്കുന്ന ഭക്ഷ്യധാന്യത്തിന് വേണ്ട പണം സംസ്ഥാന ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് നല്‍കണം എന്ന കേന്ദ്ര സര്‍ക്കാറിന്റെ രാജ്യസഭയിലെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

……………………………

പ്രളയകാലത്ത് അനുവദിച്ച ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പണം നല്‍കാമെന്ന് കേരളം നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് ഭക്ഷ്യധാന്യം നല്‍കിയത്. എന്നാല്‍ പിന്നീട് കേരളം നിലപാട് മാറ്റിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

……………………………

ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിംഗ്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരേ മറ്റുനടപടികള്‍ പാടില്ലെന്നും സിബിഐയ്ക്ക് കോടതി നിര്‍ദേശം നല്‍കി.

……………………………

സജി ചെറിയാനെതിരെ നിലവിൽ കേസൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അദ്ദേഹം രാജിവെച്ചത് ധാർമ്മികത കണക്കാക്കിയാണ്. മന്ത്രിസ്ഥാനത്തേക്ക് സജി ചെറിയാനെ തിരികെ കൊണ്ടുവരുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

……………………………

പോപ്പുലർഫ്രണ്ടിനെതിരായ കള്ളപ്പണകേസിൽ ചോദ്യം ചെയ്യലിനായി ദില്ലിയിൽ ഹാജരാകാനുള്ള ഇഡി സമൻസിനെതിരെ പാലക്കാട് സ്വദേശി നൽകിയ ഹർജി ഹൈക്കോടതി തള്ളി. അലനെല്ലൂർ സ്വദേശി എൻ ഉസ്മാൻ നൽകിയ ഹർജിയാണ് തള്ളിയത്.

……………………………

അബുദാബിയിൽ മസ്ദർ സിറ്റിയിൽ നവീകരിച്ച സെൻട്രൽ പാർക്കിലെ ഫാമിലി ഫെസ്റ്റിലേക്കു സൗജന്യ പ്രവേശനം. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഈ മാസം 27 വരെ ശനിയാഴ്ചകളിൽ മാജിക് ഷോ, കലാകായിക മത്സരങ്ങൾ തുടങ്ങി പ്രത്യേക പരിപാടികൾ അരങ്ങേറും. ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണ് സൗജന്യ പ്രവേശനം.

……………………………

ഖത്തറിൽ ലോകകപ്പിന്റെ തുടക്കം മുതൽ ഇതുവരെ സുരക്ഷാ ഭീഷണി ഉയർത്തുന്ന കുറ്റകൃത്യങ്ങൾ ഒന്നു റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി സുരക്ഷാ അധികൃതർ. ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിൽ വിജയമാണെന്നും സുരക്ഷാ പ്രവർത്തനങ്ങളിൽ സന്ദർശകരുടെ പൂർണ പിന്തുണയെന്നും ലോകകപ്പ് സുരക്ഷാ കമ്മിറ്റിയുടെ സേഫ്റ്റി-സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റി അധികൃതർ വാർത്താ സമ്മേളനത്തിൽ വിശദമാക്കി.

……………………………

ക്രിസ്മസിന് നാട്ടിലേക്ക് പ്രത്യേക നിരക്കുമായി എയർ ഇന്ത്യ. ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട്, ചെന്നൈ, ഡൽഹി, മുംബൈ സെക്ടറുകളിലേക്കും ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ആകർഷക നിരക്ക് ലഭിക്കുക. 730 ദിർഹം മുതലാണ് വൺവേ ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റ് ഉപയോഗിച്ച് ഈ മാസം 24 വരെ യാത്ര ചെയ്യാം.

……………………………

Leave a Reply

Your email address will not be published. Required fields are marked *