ഏക സിവിൽ കോഡ് വിഷയത്തിൽ ഇന്നലെ രാജ്യസഭയിൽ നടന്നത് സ്വകാര്യ ബില്ലിന് മേലുള്ള പ്രാഥമിക ചർച്ച മാത്രമെന്ന് കോൺഗ്രസ് എംപി ജെബി മേത്തർ. ഈ വിഷയത്തിൽ കോൺഗ്രസിന്റെ മൂന്ന് എംപിമാരും ശക്തമായ പ്രതികരണമാണ് സഭയിൽ നടത്തിയത്. കോൺഗ്രസിന് ഇക്കാര്യത്തിൽ ശക്തമായ നിലപാടുണ്ടെന്നും അവർ പറഞ്ഞു.
ഈ വിഷയം വിവാദമാക്കേണ്ട സാഹചര്യമില്ല. കൂടുതൽ കോൺഗ്രസ് നേതാക്കൾ ചർച്ചയിൽ പങ്കെടുത്തില്ല എന്ന ആക്ഷേപത്തോട് പ്രതികരിക്കാനില്ല. പങ്കെടുത്തവർ എല്ലാവരും കോൺഗ്രസിന്റെ നയം വ്യക്തമാക്കിയിട്ടുണ്ട്. താൻ രാജ്യസഭയിൽ ഏറെ ജൂനിയറായ അംഗമാണ്. പിവി അബ്ദുൾ വഹാബ് എംപിയുടെ വിമർശനങ്ങളോട് കോൺഗ്രസ് നേതൃത്വം മറുപടി പറയുമെന്നും അവർ വ്യക്തമാക്കി.
അതേസമയം സിവിൽ കോഡ് സ്വകാര്യ ബില്ലിലെ ചർച്ചയുമായി ബന്ധപ്പെട്ട് താൻ പറഞ്ഞത് കോൺഗ്രസിനെതിരായ വിമർശനമല്ലെന്ന് പിവി അബ്ദുൾ വഹാബ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കോൺഗ്രസിന്റെ ഭാഗത്ത് ഒരാള് പോലും ഉണ്ടായിരുന്നില്ല. ബില്ലിന് അവതരാണാനുമതി തേടിയപ്പോഴും വോട്ടെടുപ്പ് നടക്കുമ്പോഴും ആരുമില്ലായിരുന്നു. ഞാൻ പറഞ്ഞതിന് ശേഷമാണ് ജെബി മേത്തറടക്കമുള്ള രണ്ടോ മൂന്നോ കോൺഗ്രസ് എംപിമാർ ഓടിവന്നത്. ഇത് താൻ പറഞ്ഞത് കൊണ്ടാണോയെന്ന് അറിയില്ല,’ – അദ്ദേഹം പറഞ്ഞു.
‘കോൺഗ്രസ് എംപിമാർ സഭയിൽ ഇല്ലെന്ന് പറഞ്ഞത് ആ വിഷയം ശ്രദ്ധയിൽ കൊണ്ടുവരാൻ ഉദ്ദേശിച്ചാണ്. അത് പരസ്യ വിമർശനമല്ല. എല്ലാ മതസാമുദായിക വിഭാഗങ്ങളുടെയും സുഹൃത്താണ് കോൺഗ്രസ് എന്നാണ് നമ്മൾ കരുതുന്നതും അവകാശപ്പെടുന്നതും. കോൺഗ്രസിനെ എതിർക്കുന്നവരാണ് മൃദുഹിന്ദുത്വമെന്ന ആരോപണം ഉന്നയിക്കുന്നത്.’
കോൺഗ്രസിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്ന് അബ്ദുൾ വഹാബ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രാജ്യസഭയിൽ എല്ലാ സ്വകാര്യ ബില്ലുകളും ചർച്ചയ്ക്ക് വരാറുള്ളത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള വിമാനത്തിലാണ് എല്ലാ എംപിമാരും നാട്ടിലേക്ക് പോകാറുള്ളത്. ഏകീകൃത സിവിൽ കോഡിൽ ഈ സ്വകാര്യ ബില്ല് ചർച്ചയ്ക്ക് വരുന്നത് ആരും ശ്രദ്ധിച്ചുകാണില്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.