രാജ്യസഭയിൽ എംപിമാരെ ഉറപ്പാക്കുന്നതിൽ കോൺഗ്രസിന് വീഴ്ച പറ്റിയെന്ന് കെസി വേണുഗോപാൽ

എക സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ കോണ്ഗ്രസിൻ്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ബിജെപി എംപി സ്വകാര്യ ബില്ലായി എക സിവിൽ കോഡിന് അവതരണ അനുമതി തേടിയപ്പോൾ സഭയിൽ കോണ്ഗ്രസ് എംപിമാർ ആരും ഉണ്ടായിരുന്നില്ല. വിഷയത്തിൽ കോണ്ഗ്രസിനോടുള്ള അതൃപ്തി മുസ്ലീം ലീഗ് എംപി പിവി അബ്ദുൾ വഹാബ് സഭയിൽ വച്ച് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീഴ്ച പറ്റിയെന്നുള്ള വേണുഗോപാലിൻ്റെ തുറന്നു പറച്ചിൽ

കെ സി വേണുഗോപാലിൻ്റെ വാക്കുകൾ –

മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്ന സിപിഎമ്മിൻ്റെ നിലപാട് കോൺഗ്രസിനുള്ള ഗുഡ് സർട്ടിഫിക്കറ്റാണ്. കോൺഗ്രസ് – ലീഗ് ബന്ധത്തെ ന്യായീകരിക്കുന്നതാണ് സിപിഎമ്മിൻ്റെ ഈ വാദം. കോൺഗ്രസും ലീഗ് വർഗീയത പ്രചരിപ്പിക്കുന്നുവെന്നതായിരുന്നു ഇതുവരെ സിപിഎം പ്രചാരണം. സിപിഎമ്മിൻ്റെ നിലപാട് അവസരവാദപരമാണ്. ജനങ്ങൾ എതിരായതിന്റെ അങ്കലാപ്പാണ് സിപിഎമ്മിന്. ലീഗിൻ്റെ ആശങ്കകൾ പരിഹരിക്കുക എന്നത് കോണ്ഗ്രസിൻ്റെ കടമയാണ്.

ഏകീകൃത സിവിൽ കോഡിലെ സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ കൈകാര്യം ചെയ്യുന്നതിൽ കോണ്ഗ്രസിന് വീഴ്ച സംഭവിച്ചു. രാജ്യസഭയിൽ അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ കോൺഗ്രസിന് ജാഗ്രതക്കുറവുണ്ടായി. അക്കാര്യം ഉൾക്കൊള്ളുന്നു. വിഷയത്തിൽ മുസ്ലീം ലീഗ് പ്രകടിപ്പിച്ച ആശങ്ക സ്വാഭാവികമാണ്. സിവിൽ കോഡ് ബില്ലിൽ ശക്തമായ എതിർപ്പ് കോൺഗ്രസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിയും തുടരും.

രാജ്യത്ത തകർക്കുന്ന ബില്ലാണ് സിവിൽ കോഡ് ബിൽ. ബിൽ നടപ്പാക്കാൻ അല്ല ധ്രുവീകരണത്തിനാണ് ബിജെപിയുടെ ശ്രമം. ഏക സിവിൽ കോഡ് ബിൽ ഏകപക്ഷീയമായി നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ല. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് കൃത്യമായ നിലപാടും സർവകലാശാല നിയമനത്തിൽ കൃത്യമായ നയവും പാർട്ടിക്കുണ്ടെന്നും കെ.സി പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *