ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

വിമാന ടിക്കറ്റ് നിരക്ക് വർധനയെ ന്യായീകരിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വ്യോമയാന മേഖല പ്രവർത്തിക്കുന്നത് സീസൺ അനുസരിച്ചാണെന്ന് മന്ത്രി കേരളത്തിൽ നിന്നുള്ള വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകി. ഉത്സവ കാലത്ത് വിമാന നിരക്ക് കൂടുന്നത് സ്വാഭാവികമാണെന്നും കോവിഡ് കാലത്ത് വലിയ നഷ്ടം സഹിച്ച മേഖലയാണ് വ്യോമയാന മേഖലയെന്നും പറഞ്ഞ കേന്ദ്രമന്ത്രി, യാത്രകൾക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ കുറഞ്ഞ നിരക്കിൽ വിമാനയാത്ര സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

………………………………..

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്സ് 468 പോയിന്‍റ് ഉയര്‍ന്ന് 61,806 രൂപയായി. ദേശീയ സൂചിക നിഫ്റ്റി 151 പോയിന്‍റ് ഉയര്‍ന്ന് 18,420 ലാണ് ക്ലോസ് ചെയ്തത്. തുടക്കത്തിലെ ഇടിവിന് ശേഷമാണ് ഇന്ന് വിപണികള്‍ ശക്തിപ്രാപിച്ചത്.

………………………………..

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ശനിയാഴ്ച ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന് 39680 രൂപയായി.

………………………………..

ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ സന്ദർശക വിസ പുതുക്കാൻ രാജ്യത്തിനുപുറത്തുപോകണമെന്ന പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഒമാനിലേക്കുള്ള ബസ് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. യു.എ.ഇ. യുടെ ഏറ്റവുമടുത്തുള്ള രാജ്യമെന്ന നിലയിലാണ് വിസ പുതുക്കാനായി സന്ദർശകർ ഒമാൻ തിരഞ്ഞെടുക്കുന്നത്. ചെലവുകുറഞ്ഞ് പോയിവരാമെന്നതിനാൽ ബസ് സർവീസ് തന്നെയാണ് ഭൂരിഭാഗംപേരും തിരഞ്ഞെടുക്കുന്നത്.

………………………………..

കുവൈത്തിൽ നിയമവിരുദ്ധ മാർഗത്തിൽ എടുത്ത 1000 ഡ്രൈവിങ് ലൈസൻസുകൾ 40 ദിവസത്തിനിടെ പിൻവലിച്ചതായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ദിവസേന ശരാശരി 23 ലൈസൻസ് വീതമാണ് പിടിച്ചെടുത്തത്. നിയമലംഘകരുടെ ലൈസൻസ് തിരിച്ചെടുക്കാനാവാത്ത വിധം റദ്ദാക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു.

………………………………..

അബുദാബിയിൽ കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന എൻജിനീയർമാർക്ക് റജിസ്‌ട്രേഷൻ കാർഡ് നിർബന്ധമാക്കി. സർക്കാരിന്‍റെ ഓൺലൈൻ പോർട്ടലായ ടാം പ്ലാറ്റ്‌ഫോമിലാണ് റജിസ്റ്റർ ചെയ്യേണ്ടതെന്ന് അബുദാബി നഗരസഭ അറിയിച്ചു. ഈ റജിസ്‌ട്രേഷൻ കാർഡ് ഉള്ളവരെ മാത്രമേ നിർമാണ മേഖലയിൽ എൻജിനീയറായി ജോലി ചെയ്യാൻ അനുവദിക്കൂ.

………………………………..

ഖത്തർ ലോകകപ്പ് ജേതാക്കളായ അർജൻറീനയ്ക്ക് ലഭിക്കുന്നത് വമ്പൻ തുക. 347 കോടി രൂപയാണ് അർജന്റീനയ്ക്ക് ലഭിക്കുക. റണ്ണറപ്പായ ഫ്രാൻസിന് 248 കോടി രൂപ ലഭിക്കും. മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 239 കോടി രൂപയും നാലാം സ്ഥാനത്തെത്തിയ മൊറോക്കോക്ക് 206 കോടി രൂപയും സമ്മാനത്തുകയായി ലഭിക്കും.

………………………………..

ഫിഫ-ഖത്തര്‍ ലോകകപ്പ് സമാപന ചടങ്ങുകളുടെ തപാൽ സ്റ്റാംപ് പുറത്തിറക്കി ഖത്തർ പോസ്റ്റ്. രാജ്യം ആതിഥേയത്വം വഹിച്ച 22-ാമത് ലോകകപ്പിന്റെ തയാറെടുപ്പുകൾ മുതൽ സമാപനം വരെയുള്ള സംഭവങ്ങൾ രേഖപ്പെടുത്തിയാണ് സ്റ്റാംപ് പുറത്തിറക്കുന്നത്. ലോകകപ്പിന്റെ 11-ാം സീരീസ് സ്റ്റാംപുകളാണിത്. 22 റിയാലാണ് വില.

………………………………..

Leave a Reply

Your email address will not be published. Required fields are marked *