വാർത്തകൾ ഒറ്റനോട്ടത്തിൽ

അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ലെന്ന് സോളാര്‍ പീഡന കേസില്‍ കുറ്റവിമുക്തനാക്കിയുള്ള സി ബി ഐയുടെ ക്ലീൻ ചിറ്റിൽ ഉമ്മൻചാണ്ടിയുടെ ആദ്യ പ്രതികരണം. സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് തനിക്ക് എപ്പോഴുമുള്ളതെന്നും മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

…………………………………….

പീഡനാരോപണത്തിൽ മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് സോളാർ പീഡനകേസ് പരാതിക്കാരി. ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള ആറ് പേർക്കെതിരെയും ഹർജി നൽകുമെന്ന് പരാതിക്കാരി അറിയിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിലപാട് മാറ്റിയതെന്നും അവർ വ്യക്തമാക്കി.

…………………………………….

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി, വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ അമ്മയെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

…………………………………….

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സുരക്ഷയില്‍ വീഴ്ചകളുണ്ടായെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കത്തയച്ചു. രാഹുല്‍ ഗാന്ധിക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

…………………………………….

ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തിയെങ്കില്‍ മാത്രമെ വരുന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ കഴിയുകയുള്ളൂവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്‍റണി. കോണ്‍ഗ്രസിന്‍റെ 138-ാം സ്ഥാപക ദിനാഘോഷം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.

…………………………………….

എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം പൊളിറ്റ് ബ്യൂറോയിൽ ചർച്ചയായില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.

…………………………………….

നഗരത്തിലെ രണ്ട് കടകളില്‍നിന്നായി ഇ-സിഗരറ്റുകളുടെ വന്‍ശേഖരം പിടികൂടി. പടിഞ്ഞാറെക്കോട്ടയിലെ വോഗ് ഡ്യൂട്ടി ഫ്രീ ഷോപ്പ്, വടക്കേസ്റ്റാന്‍ഡിലെ ടൂള്‍സ് ടാറ്റു സെന്റര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇ-സിഗരറ്റുകള്‍ പിടിച്ചെടുത്തത്. തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ടൗണ്‍ വെസ്റ്റ്, ഈസ്റ്റ് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

…………………………………….

Leave a Reply

Your email address will not be published. Required fields are marked *