കഞ്ചാവ് കടത്ത് കേസിലെ പ്രതിക്ക് പോക്സോ കേസിൽ 27 വർഷംതടവ് ശിക്ഷ

കഞ്ചാവ് കേസിലെ പ്രതിക്ക് പോക്സോ കേസിലും ശിക്ഷ. തൃശ്ശൂർ പഴയന്നൂർ വടക്കേത്തറ ദേശത്ത് നന്നാട്ടുകളം വീട്ടിൽ മനീഷ് (25 വയസ്സ്) ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ ലൈം​ഗീകമായി പീഡിപ്പിച്ചതിന് 27 കൊല്ലം കഠിനതടവിന് ശിക്ഷിച്ചത്. പിഴത്തുകയായി 75,000 രൂപയും പ്രതി ഈടാക്കണം. തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ആണ് ശിക്ഷ വിധിച്ചത്.

പ്രദേശവാസിയായ പതിനഞ്ചുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈം​ഗീകമായി ഉപദ്രവിച്ചു എന്നായിരുന്നു കേസ്. അമ്മൂമ്മയോടൊപ്പം താമസിച്ചു വരികയായിരുന്ന പെൺകുട്ടിയെ അർധരാത്രി വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി ഉപദ്രവിച്ചത്. പീഡനദൃശ്യങ്ങൾ മൊബൈലിൽ പക‍ർത്തിയ പ്രതി അവ വച്ച് കുട്ടിയെ ഒരാഴ്ചയോളം പീഡിപ്പിക്കുന്നത് തുടർന്നു. പിന്നീട് കുട്ടിയുടെ പിതാവിന് ഈ ദൃശ്യങ്ങൾ അയച്ചു കൊടുക്കുകയും ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പിതാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. 

പരാതിയിൽ കേസെടുത്ത പഴയന്നൂ‍ർ പൊലീസ് പോക്സോ വകുപ്പ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്ത പ്രതി പിന്നീട് ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങുകയും 2021 ജൂലൈയിൽ 210 കിലോ കഞ്ചാവ് കടത്തിയ കേസിൽ കൊടകര പൊലീസിൻ്റെ പിടിയിലാവുകയും ചെയ്തു. ഈ കേസിൽ ജയിലിൽ കഴിയുന്നതിനിടെ വീണ്ടും ജാമ്യം തേടി പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും പ്രോസിക്യൂഷൻ ശക്തമായി എതിർത്തതോടെ കോടതി ജാമ്യം നിഷേധിച്ചു. വിചാരണയുടെ അവസാന ഘട്ടത്തിൽ തൻ്റെ പ്രായവും ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതി ശിക്ഷയിൽ ഇളവ് തേടാൻ ശ്രമം നടത്തിയെങ്കിലും പ്രായമോ പശ്ചാത്തലമോ പരി​ഗണിക്കേണ്ട കുറ്റകൃത്യങ്ങളല്ല പ്രതി ചെയ്തത് എന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. ഇതോടെയാണ് കഠിനമായ ശിക്ഷ കോടതി പ്രസ്താവിച്ചത്. അഡ്വ.ലിജി മധുവായിരുന്നു കേസിൽ പ്രോസിക്യൂട്ടർ. 

Leave a Reply

Your email address will not be published. Required fields are marked *