കഴുത്തിൽ കേബിൾ കുരുങ്ങി കൊച്ചിയിൽ വീണ്ടും അപകടം. കളമശേരി തേവയ്ക്കൽ – മണലിമുക്ക് റോഡിൽ പൊന്നാകുടം അമ്പലത്തിനടുത്തു വച്ചാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ അപകടമുണ്ടായത്. പരുക്കേറ്റ തേവയ്ക്കൽ അപ്പക്കുടത്ത് ശ്രീനി(40)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രീനി ഇന്നലെ വൈകിട്ടു മകനൊപ്പം ഇരുചക്ര വാഹനത്തിൽ പോകുമ്പോഴാണ് കേബിൾ മുഖത്തും കഴുത്തിലുമായി കുരുങ്ങിയാണു പരുക്കേറ്റത്. കേബിൾ വലിഞ്ഞ് സ്ട്രീറ്റ്ലൈറ്റ് തകർന്നു താഴെ വീണു. ബൈക്ക് മറിയാതിരുന്നതിനാൽ അപകടം ഒഴിവായെന്നു ശ്രീനി പറയുന്നു. സംഭവത്തിൽ പരാതി നൽകുമെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ മാസം എറണാകുളം ലായം റോഡിൽ കേബിൾ കഴുത്തിൽ കുരുങ്ങിയുള്ള അപകടമുണ്ടായിരുന്നു. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന എറണാകുളം സൗത്ത് സാബുവിന്റെ കഴുത്തിലാണ് കേബിൾ കുരുങ്ങിയത്. റോഡിലേക്കു വീണ സാബുവും ഭാര്യയും തലനാരിഴയ്ക്കാണ് അന്നു രക്ഷപെട്ടത്.
സംഭവത്തിനു പിന്നാലെ കേബിൾ വിഷയത്തിൽ ഹൈക്കോടതി ഉൾപ്പടെ ഇടപെടുകയും കേബിളുകൾ നീക്കുന്നതിന് നടപടി സ്വീകരിക്കണമെന്നു നിർദേശിക്കുകയും ചെയ്തിരുന്നു. തദ്ദേശ സ്ഥാപനങ്ങൾ ഈ സമയം രംഗത്തിറങ്ങി നടപടികൾ സ്വീകരിച്ചെങ്കിലും പൂർത്തിയാക്കിയിരുന്നില്ല. അതുകൊണ്ടാണ് താഴ്ന്നു കിടക്കുന്ന കേബിളുകൾ കഴുത്തിൽ കുരുങ്ങിയുള്ള അകടം ആവർത്തിക്കുന്നത്.