ശശി തരൂര്‍ വിശ്വപൗരനെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ് തരൂര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ല എന്ന വാദം തരൂര്‍ ആവര്‍ത്തിച്ചു. ഇതിനിടെ തരൂരിനെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചത്. തരൂരിനെ വിശ്വപൗരനെന്ന് വിശേഷിപ്പിച്ച അദ്ദേഹം എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളാവുന്ന നേതൃത്വം വരണമെന്നും പറഞ്ഞു. തരൂരിന്റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. സമുദായ സംഘടനകളെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താനാണ് തരൂര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസിലെ മറ്റുള്ളവര്‍ ചെയ്യാത്തതാണ് തരൂര്‍ ചെയ്യുന്നതും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും കെ മുരളീധരനും എംഎം ഹസനുംമടക്കമുള്ള നേതാക്കള്‍ ശരി തരൂരിനെ കടുത്ത വിമര്‍ശനമുന്നയിച്ചു. പറയാനുള്ളത് പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടതെന്ന് കെ.സി. വേണുഗോപാല്‍ ഓര്‍മ്മിപ്പിച്ചു. എന്ത് പറയാനുണ്ടെങ്കിലും പാര്‍ട്ടിയില്‍ പറയണം. ഒരുമാസത്തിനിടെ മൂന്നുതവണ കെപിസിസി യോഗം വിളിച്ചു. കോണ്‍ഗ്രസുകാര്‍ പരസ്പ്പരം പറയുന്നത് ചര്‍ച്ചയാക്കാന്‍ ഇടവരുത്തരുതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.മുഖ്യമന്ത്രിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച തരൂരിനെതിരെ രമേശ് ചെന്നിത്തലയും രൂക്ഷവിമര്‍ശനമുന്നയിച്ചു.നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ശശി തരൂരിനെ ഇതുവരെ പിന്തുണച്ചിരുന്ന കെ മുരളീധരനും പരോക്ഷ വിമര്‍ശനവുമായെത്തി. പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയിലാണ് പറയേണ്ടതെന്ന് പറഞ്ഞ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും ലോക്‌സഭ തെരഞ്ഞെടുപ്പാകണം ലക്ഷ്യമെന്നും ജയിച്ചില്ലെങ്കില്‍ പിന്നെ തെരഞ്ഞടുപ്പിനെ കുറിച്ച് ചിന്തിക്കേണ്ടി വരില്ലെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെതിരെ ഒറ്റക്കെട്ടായി നേതാക്കള്‍ രംഗത്തെത്തിയതോടെനിലപാടില്‍ പിന്നോട്ട് പോയിരിക്കുകയാണ് ശശി തരൂര്‍. സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ട തരൂര്‍ താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ല എന്ന വാദം ആവര്‍ത്തിച്ചു.നിയമസഭാ തെരഞ്ഞെടുപ്പ് 2026 ലാണെന്നും ഏത് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നതില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും തരൂര്‍ വിശദീകരിച്ചു. കോഴിക്കോട്ട്, ജിഫ്രി മുത്തുക്കോയ തങ്ങളുമായുള്ള സന്ദര്‍ശനത്തിനു ശേഷം കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുള്ളക്കോയ മദനിയുമായും തരൂര്‍ ഇന്ന് കൂടിക്കാഴ്ച നടത്തി. തരൂരിനെ പ്രശംസിച്ചെങ്കിലും പ്രതീക്ഷിച്ചത് പോലെ പരസ്യപിന്തുണ മുസ്ലിം സംഘടനകള്‍ നല്‍ാകത്തതിന് പിന്നില്‍ ലീഗിന്റെ ഇടപെലാണെന്നാണ് സൂചന. നിലവില്‍ ലീഗുമായി പല പ്രശ്‌നങ്ങളിലും മുജാഹിദ് സുന്നി സംഘടനകള്‍ക്കുള്ള അഭിപ്രായ വ്യത്യാസം കൂടി കണക്കിലെടുത്തായിരുന്നു തരൂരിന്റെ സന്ദര്‍ശനം.