രാജ്യത്തെ ഏറ്റവും പഴക്കംചെന്ന കേസ് തീര്‍പ്പായി; വിധി 72 വര്‍ഷങ്ങള്‍ക്കുശേഷം

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ കേസിന് തീര്‍പ്പായി. ബെര്‍ഹംപുര്‍ ബാങ്കുമായി ബന്ധപ്പെട്ട് 1951 ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസാണ് 72 വര്‍ഷത്തിനു ശേഷം തീര്‍പ്പായത്. ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതായിരുന്നു വിധി. താന്‍ ജനിക്കുന്നതിനും പത്തു വര്‍ഷം മുമ്പുള്ള കേസിനാണ് ജസ്റ്റിസ് വിധി പറഞ്ഞത് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്.

1951 ജനുവരി 1-നാണ് ബെര്‍ഹംപുര്‍ ബാങ്കിന്റെ ലിക്വിഡേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് കേസു ഫയല്‍ ചെയ്യുന്നത്. നിക്ഷേപിച്ച പണം തിരികെ നല്‍കണമെന്ന് ചൂണ്ടിക്കാട്ടി നിക്ഷേപകരും ബാങ്കിനെതിരെ വിവിധ കേസുകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ കേസ് വിചാരണയ്‌ക്കെത്തിയെങ്കിലും കക്ഷികള്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കേസ് തീര്‍പ്പായത്.

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കേസിന് തീര്‍പ്പായെങ്കിലും രാജ്യത്തെ പഴക്കമേറിയ അഞ്ചു കേസുകളില്‍ രണ്ടെണ്ണം കൂടി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ വിധി പറയാന്‍ ബാക്കിയുണ്ട്. 1952 ല്‍ ഫയല്‍ ചെയ്ത കേസുകളാണിവ. ബാക്കി മൂന്നു കേസുകള്‍ മറ്റു സംസ്ഥാനത്തെ കോടതികളിലാണ്. സിവില്‍ സ്യൂട്ടുകളായ രണ്ടെണ്ണം ബംഗാള്‍ സിവില്‍ കോടതിയിലും മറ്റൊന്ന് മദ്രാസ് ഹൈക്കോടതിയിലും.

Leave a Reply

Your email address will not be published. Required fields are marked *