തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുര സംഘർഷ ഭരിതമായി മാറി. ബി.ജെ.പി. പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഇതോടെ വൻ തോതിലുള്ള സംഘർഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. നിരവധി വാഹനങ്ങൾ കത്തിച്ച പ്രവർത്തകർ വലിയ തോതിൽ അക്രമാസക്തരുമായി. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംഘർഷത്തിൽ എ ഐ സി സി അംഗവും ത്രിപുരയുടെ ചുമതലയുമുള്ള അജോയ് കുമാറിനടക്കം പരിക്കേറ്റു. അജോയ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി തുടങ്ങിയ അസ്വാരസ്യങ്ങളാണ് വലിയ സംഘർഷത്തിലേക്ക് നീങ്ങിയത്.
മജിലിഷ്പുര്‍ മണ്ഡലത്തിലെ മോഹന്‍പുരില്‍ ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അര മണിക്കൂറോളം നീണ്ടുനിന്നു. ഫെബ്രുവരി 16-നാണ് ത്രിപുരയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. ത്രിപുരക്കു പുറമേ നാഗാലാന്‍ഡിലെയും മേഘാലയയിലെയും തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 27-നാണ് ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ്. മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിന് നടക്കും.