ഷാർജയിൽ ബാറ്ററി പുനരുത്പാദന പ്ലാന്റ് സ്ഥാപിക്കും

യു.എ.ഇ. യിലെ ആദ്യത്തെ വൈദ്യുതി വാഹന ബാറ്ററി പുനരുത്പാദന പ്ലാന്റ് ഷാർജയിൽ സ്ഥാപിക്കും. ഇതിനായി യു.എ.ഇ. ഊർജ അടിസ്ഥാന സൗകര്യ മന്ത്രാലയം, ഷാർജയിലെ അമേരിക്കൻ സർവകലാശാല എന്നിവയുമായി ബീ’ആ സഹകരണ കരാർ ഒപ്പുവച്ചു.

അബുദാബിയിൽ നടന്ന 2023 ലോക ഭാവി ഊർജ ഉച്ചകോടിയുടെ ഭാഗമായാണ് കരാർ ഒപ്പിട്ടത്. ബീ’ആ ഗ്രൂപ്പ് സി.ഇ.ഒ. ഖാലെദ് അൽ ഹുറൈമേൽ, ബീ’ആ’ പുനരുത്പാദന വിഭാഗം സി.ഇ.ഒ. ഡാക്കർ എൽ-റബയ, ഊർജ അടിസ്ഥാന സൗകര്യ മന്ത്രാലയത്തിലെ ഊർജ പെട്രോളിയം വിഭാഗം അണ്ടർസെക്രെട്ടറി ശരീഫ് സലിം അൽ ഒലാമ, ഷാർജയിലെ അമേരിക്കൻ സർവകലാശാല പ്രിൻസിപ്പൽ പ്രൊഫസ. ജുവാൻ സാഞ്ചസ് എന്നിവർ ചേർന്നാണ് കരാർ ഒപ്പുവച്ചത്.

നിലവിൽ പത്തോളം പ്രത്യേക മാലിന്യ സംസ്‌കരണ സൗകര്യങ്ങളുള്ള ബീ’ആ റീസൈക്ലിങിന്റെ സംയോജിത മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് പുതിയ പ്ലാന്റ് കൂടി ചേർക്കും. വൈദ്യുത വാഹനങ്ങളിൽ നിന്നുള്ള ബാറ്ററികൾ ഉപയോഗ ശൂന്യമാകുമ്പോൾ അവ പ്ലാന്റിലേക്ക് മാറ്റുന്നതിലൂടെ എമിറേറ്റിലെ പൊതുമാലിന്യ കൂമ്പാരത്തിലേക്ക് ബാറ്ററികൾ എത്തുന്നതും പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കാനും സഹായിക്കും.

ലോകോത്തര സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പുതിയ പ്ലാന്റ് വികസിപ്പിക്കുക. രാജ്യത്ത് വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. യു.എ.ഇ. നേതൃത്വത്തിന്റെ കാഴ്ച്ചപ്പാടിന് അനുസൃതമായി ഷാർജയിലെ അമേരിക്കൻ സർവകലാശാലയുമായി സഹകരിച്ച് ഭാവിക്ക് അനുയോജ്യമായ രീതിയിൽ പ്ലാന്റ് സജ്ജീകരിക്കുമെന്ന് ബീ’ആ ഗ്രൂപ്പ് സി.ഇ.ഒ. ഖാലെദ് അൽ ഹുറൈമേൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *