ശൈശവ വിവാഹങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ അസമില്‍ 1800-ലേറെ പേര് അറസ്റ്റില്‍. ശൈശവ വിവാഹ നിരോധന നിയമം ലംഘിച്ചവരെയാണ് അസമില്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്തത്. ഇതുവരെ 1800-ലേറെ പേര് അറസ്റ്റിലായെന്നും സംസ്ഥാന വ്യാപകമായി പോലീസ് നടപടികള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. നിയമം ലംഘിച്ചവര്ക്കെതിരേ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടി സ്വീകരിക്കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം 4004 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഈ കേസുകളുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ നടപടിയുണ്ടാകുമെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.
സംസ്ഥാനത്തെ ഉയര്‍ന്ന മാതൃ-ശിശു മരണനിരക്കിന് കാരണം ശൈശവവിവാഹങ്ങളാണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അസമിലെ വിവാഹങ്ങളില്‍ 31 ശതമാനവും ശൈശവവിവാഹങ്ങളാണ്. ഈ സാഹചര്യത്തിലാണ് ശൈശവ വിവാഹ നിരോധന നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചവര്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുക്കാനായിരുന്നു മന്ത്രിസഭയുടെ തീരുമാനം. 14 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചവര്‍ക്കെതിരേ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
അതേസമയം, ശൈശവ വിവാഹങ്ങള്ക്കെതിരേയുള്ള ‘യുദ്ധം’ ഏതെങ്കിലും ഒരുവിഭാഗത്തെ മാത്രം ലക്ഷ്യംവെച്ചുള്ളതല്ലെന്ന് മുഖ്യമന്ത്രി ഹിമന്ത് ബിശ്വശര്‍മ വ്യക്തമാക്കി. ഇത്തരം വിവാഹങ്ങള്‍ നടത്തികൊടുക്കുന്നപുരോഹിതര് ഉള്‍പ്പെടെയുള്ളവരും നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.