‘സിഗരറ്റ് കൊമ്പൻ’ ചരിഞ്ഞു; മരണം വൈദ്യുതലൈനിൽ നിന്ന് ഷോക്കേറ്റെന്ന് നിഗമനം

ബിഎൽ റാം കുളത്താമ്പാറയ്ക്കു സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ബിഎൽ റാം സ്വദേശി ഇൗശ്വരന്റെ ഏലത്തോട്ടത്തിലാണ് ‘സിഗരറ്റ് കൊമ്പൻ’ എന്നു നാട്ടുകാർ വിളിക്കുന്ന എട്ടു വയസ്സുള്ള കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വൈദ്യുതക്കമ്പിയിൽനിന്നു ഷോക്കേറ്റ് കൊമ്പൻ ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനമെന്ന് ദേവികുളം ഫോറസ്റ്റ് റേ‍ഞ്ച് ഓഫിസർ പി.വി.വെജി പറഞ്ഞു.

അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഷാൻട്രി ടോം, മൂന്നാർ ഡിഎഫ്ഒ രമേഷ് വിഷ്ണോയി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വെറ്ററിനറി സർജൻമാരായ ഡോ. നിഷ റേയ്ച്ചൽ, ഡോ. അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ജഡം സംസ്കരിച്ചു.

ആനയിറങ്കൽ മേഖലയിലെ കുപ്രസിദ്ധ ഒറ്റയാൻമാരായ അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, മുറിവാലൻ കൊമ്പൻ എന്നിവ എപ്പോഴും തനിയെ സഞ്ചരിക്കുന്നവരാണ്. എന്നാൽ, എപ്പോഴും ആനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്ന കൊമ്പനാണു സിഗരറ്റ് കൊമ്പൻ. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊമ്പനാണിത്. വണ്ണം കുറഞ്ഞ നീണ്ട കൊമ്പുകൾ ഉള്ളതിനാലാണു വാച്ചർമാരും നാട്ടുകാരും സിഗരറ്റ് കൊമ്പൻ എന്നു പേരിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *