കുവൈത്ത് വിസാ അപ്ളിക്കേഷനുമായി അഭ്യന്തര മന്ത്രാലയം

കുവൈത്തിലേക്കുള്ള വ്യാജ വിസ തടയാൻ കുവൈത്ത് വിസാ അപ്ളിക്കേഷനുമായി അഭ്യന്തര മന്ത്രാലയം. രാജ്യത്തേക്കുള്ള തൊഴിലാളികളുടെ പ്രവേശനം സുരക്ഷിതമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് വിസ ആപ്പ് അവതരിപ്പിച്ചത്.

കുവൈത്ത് വിസ ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് അറിയിച്ചു. ഇതോടെ കുവൈത്തിലേക്ക് പുതുതായി വരുന്ന പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി എൻട്രി വിസയുടെ സാധുത ഉറപ്പ് വരുത്താൻ സാധിക്കും. കഴിഞ്ഞ ദിവസം ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാൻ സർക്കാർ രൂപവത്കരിച്ച സമിതിയിലാണ് ഇത് സംബന്ധിച്ച തീരുമാനം ശൈഖ് തലാൽ അൽ ഖാലിദ് പ്രഖ്യാപിച്ചത് .

പുതിയ ഡിജിറ്റല്‍ സംവിധാനം വരുന്നതോടെ വ്യാജ വിസകള്‍ ഇല്ലാതാക്കുവാനും ക്രിമിനൽ രേഖകളോ പകർച്ചവ്യാധികളോ ഉള്ളവരുടെ പ്രവേശനം തടയുവാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസി തൊഴിലാളിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ഉൾപ്പെടുന്ന സ്മാർട്ട് എംപ്ലോയീസ് ഐഡിയും അവതരിപ്പിക്കുമെന്ന് അഭ്യന്തര മന്ത്രി വ്യക്തമാക്കി . പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്‍റെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *