ബഹ്‌റൈൻ മെട്രോ; കൺസൾട്ടൻസി കരാറിലേക്ക് അടുത്ത് ഡി.എം.ആർ.സി

ബഹ്റൈൻ മെട്രോയുടെ ആദ്യഘട്ടം നിർമിക്കുന്നതിനുള്ള അന്താരാഷ്ട്ര കൺസൾട്ടൻസി പ്രോജക്ടിനായുള്ള പ്രീ ക്വാളിഫിക്കേഷൻ ടെൻഡർ പ്രക്രിയക്ക് ഡൽഹി മെട്രോ യോഗ്യത നേടി. 20 സ്റ്റേഷനുകളോടുകൂടി 30 കി.മീ. നീളത്തിൽ നിർമിക്കുന്ന പദ്ധതിക്ക് ഡൽഹി മെട്രോയും ടെൻഡറിൽ പങ്കാളിയാകും. ഇതിന്റെ പശ്ചാത്തലത്തിൽ ഡൽഹി മെട്രോ ബെമൽ ലിമിറ്റഡുമായി ധാരണപത്രം ഒപ്പുവെച്ചു.

ധാരണപത്രത്തിന്റെ ഭാഗമായി, മെട്രോ പദ്ധതിക്കാവശ്യമായ കോച്ചുകളും മറ്റും നിർമിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം ബെമലിനായിരിക്കും. പദ്ധതി വികസനം, ബജറ്റിങ് തുടങ്ങിയ മേഖലകളിൽ ഡൽഹി മെട്രോയുടെ വൈദഗ്ധ്യം ഉപയോഗിക്കും.

അന്താരാഷ്ട്ര മെട്രോ പ്രോജക്ടുകൾ സ്വന്തമാക്കാനുള്ള ഉദ്യമത്തിലാണ് ഡി.എം.ആർ.സി. നേരത്തേ, ഇസ്രായേലിൽ തെൽഅവീവ് മെട്രോ പദ്ധതിയുടെ നിർമാണത്തിനുള്ള പ്രീ ബിഡ് പ്രക്രിയയിൽ ഡൽഹി മെട്രോ യോഗ്യത നേടിയിരുന്നു. കൂടാതെ, ഈജിപ്തിലെ അലക്‌സാൻഡ്രിയ, വിയറ്റ്‌നാമിലെ ഹോചി മിൻ, മൗറീഷ്യസ് തുടങ്ങിയ അന്താരാഷ്ട്ര മെട്രോ പദ്ധതികളുടെ ടെൻഡറിലും ഡി.എം.ആർ.സി പങ്കെടുക്കുന്നുണ്ട്. നിലവിൽ ബംഗ്ലാദേശിലെ ധാക്ക മെട്രോയുടെ നിർമാണത്തിന്റെ കൺസൾട്ടന്റാണ് ഡി.എം.ആർ.സി.

Leave a Reply

Your email address will not be published. Required fields are marked *