മെക്സിക്കൻ പ്രസിഡന്റ് ട്വീറ്റ് ചെയ്ത ചിത്രം; മായൻ ഐതിഹ്യങ്ങളിലെ പ്രേതത്തിന്റെയോ..! സത്യമെന്താണ്..?

മെക്സിക്കൻ പ്രസിഡന്റ് പ്രസിഡണ്ട് ആന്ദ്രേ മാനുവൽ ലോപസ് ഒബ്രഡോർ ട്വിറ്ററിൽ പങ്കുവച്ച ചിത്രമാണ് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത്. മരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഭീകരസത്വത്തിന്റെ ചിത്രമാണ് ഒബ്രഡോർ പങ്കുവച്ചത്. ആരും ഭയന്നുവിറയ്ക്കുന്ന വിചിത്രജീവിയെയാണ് ചിത്രത്തിൽ കാണാനാകുക. ഒരു ഭീകരസത്വം! ചിത്രത്തിനൊപ്പം ഒബ്രഡോർ ഒരു അടിക്കുറിപ്പും എഴുതി, ഇത് മായൻ ഐതിഹ്യങ്ങളിലെ അല്യൂക്സ് എന്ന ജീവിയാണെന്ന്.

ട്വിറ്ററിൽ പോസ്റ്റ് ഇട്ടതു നിസാരക്കാരനല്ല. ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ആണ്. ഒരു രാജ്യത്തിന്റെ ഉന്നതപദവിയിലിരിക്കുന്ന വ്യക്തിക്ക് തെറ്റായതും അയുക്തികവും അന്ധവിശ്വാസപരവുമായ വാർത്ത പ്രചരിപ്പിക്കാൻ കഴിയുമോ. ചിലർ വിശ്വസിച്ചു. മറ്റു ചിലർ അവിശ്വസിച്ചു. ചിലരിൽനിന്നു കടുത്ത വിമർശനങ്ങളും ഒബ്രഡോറിനു നേരിടേണ്ടിവന്നു.

ഡിജിറ്റൽ ഇടങ്ങളുടെ കാലത്ത്, തെറ്റിദ്ധാരണകൾ പരത്തുന്നതും ഊഹാപോഹങ്ങൾ നിറഞ്ഞതുമായ നിരവധി പോസ്റ്റുകൾ സൈബർ ലോകത്തു പ്രത്യക്ഷപ്പെടാറുണ്ട്. ചിലപ്പോൾ അതിനെല്ലാം മണിക്കൂറുകളുടെ ആയുസു മാത്രം. കൗതുകം കൊണ്ട് വൈറൽ ആയേക്കാം. ഒബ്രഡോറിന്റെ പോസ്റ്റും വൻ തരംഗമായി. ലക്ഷക്കണക്കിന് ആളുകളാണ് ചിത്രം കണ്ടത്. കമന്റുകളും ഷെയറുകളും ഉണ്ടാകുകയും ചെയ്തു. മായൻ ട്രെയിൻ പദ്ധതിയിൽ ജോലി ചെയ്യുന്ന എൻജിനീയർ മൂന്ന് ദിവസം മുമ്പ് എടുത്തതാണ് ഈ ചിത്രമെന്നും ഒബ്രഡോർ അവകാശപ്പെട്ടു. എന്നാൽ, മറ്റ് ചിലർ ഇതു പഴയ ചിത്രമാണെന്ന് അവകാശപ്പെട്ടു.

മായൻ ജനതയുടെ വിശ്വാസമനുസരിച്ച് അമാനുഷിക ജീവികളാണ് അല്യൂക്സുകൾ. കാടുകൾ, ഗുഹകൾ, കല്ലുകൾ, വയലുകൾ തുടങ്ങിയ ഇടങ്ങളിൽ ഇവ പൊതുവേ കാണപ്പെടുന്നുവെന്നാണു വിശ്വാസം. അല്യൂക്സുകൾ അദൃശ്യരാണ്. എന്നാൽ, മനുഷ്യരുമായി ആശയവിനിമയം നടത്തുന്നതിനും ഭയപ്പെടുത്തുന്നതിനും ഒത്തുചേരുന്നതിനും വേണ്ടി ശാരീരിക രൂപം സ്വീകരിക്കാൻ അല്യൂക്സിനു കഴിയുമെന്നും മായൻ ജനത വിശ്വസിച്ചിരുന്നു. അല്യൂക്സിന്റെ പ്രീതിപ്പെടുത്താൻ ആളുകൾ നേർച്ച സമർപ്പിക്കുകയും ചെയ്യാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *