കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമുള്‍പ്പെടെ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കിയ ഹർജി സുപ്രീംകോടതി തള്ളി. പ്രതിപക്ഷ പാർട്ടികൾക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി നൽകിയ ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിസ്സമതിക്കുകയായിരുന്നു.
ഇ.ഡി, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്നാണ് ഹർജിയിലെ ആരോപണം. ഹർജിയുടെ സാധുതയിലും സാധ്യതയിലും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സംശയം പ്രകടിപ്പിച്ചു. അന്വേഷണത്തിൽനിന്നും പ്രോസിക്യൂഷൻ നടപടികളിൽനിന്നും പ്രതിപക്ഷ പാർട്ടികൾക്ക് സംരക്ഷണം തേടുകയാണോയെന്നും പൗരന്മാർ എന്ന നിലയിൽ അവർക്ക് എന്തെങ്കിലും പ്രത്യേക അവകാശങ്ങളുണ്ടോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.