എല്ലാ സാഹസികതകളിലേയും എന്റെ പങ്കാളി; മകൾക്കൊപ്പമുള്ള വീഡിയോയുമായി ടൊവിനോ

ടൊവിനോ തോമസ് പങ്കുവച്ച ഒരു പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. മകൾ ഇസയ്ക്കൊപ്പം നടത്തിയ ഒരു സാഹസിക സിപ്ലൈൻ യാത്രയുടെ വിഡിയോ ആണ് ടൊവിനോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. മകളെ കുറിച്ച് ടൊവിനോ എഴുതിയ കുറിപ്പും വൈറൽ ആവുകയാണ്.

‘എല്ലാ സാഹസികതകളിലേയും എന്റെ പങ്കാളി, എനിക്ക് ആദ്യം ജനിച്ചവൾ, എന്റെ നിരുപാധികമായ സ്‌നേഹം, എന്റെ ജീവിതം. ഇസ ജനിച്ചപ്പോൾ അവളെ ആദ്യം കയ്യിലെടുക്കുന്നത് ഞാനായിരിക്കുമെന്ന് തീരുമാനിച്ചിരുന്നു, അവൾ ‘ആദ്യമായി’ ചെയ്യുന്ന എന്തിലും ഞാൻ ഒപ്പം ഉണ്ടായിരിക്കണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നു.ഇതാ മുഖത്തെ പുഞ്ചിരികൊണ്ടും മുടികളിൽ തഴുകുന്ന കാറ്റിനാലും ഭയത്തെ ഞങ്ങൾ തോൽപ്പിച്ചു. എനിക്കേറെ വിലപ്പെട്ടവളേ, നിന്നോടൊപ്പം കൂടുതൽ സാഹസികത നിറഞ്ഞ യാത്രകൾക്ക് എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല.’ എന്നാണ് ടൊവിനോ കുറിച്ചത്. ബേസിൽ ജോസഫും രമേഷ് പിഷാരടിയും ഉൾപ്പെടെ നിരവധി താരങ്ങളാണ് വീഡിയോയ്ക്ക് താഴെ സ്‌നേഹം അറിയിച്ച് എത്തിയിരിക്കുന്നത്. മുഖത്ത് മുഴുവൻ ചിരിയുമായി അത്രക്കും ധൈര്യത്തോടെ ഇസ ആ സാഹസം ചെയ്യുന്നു എങ്കിൽ അത് അവളുടെ സൂപ്പർ ഡാഡ് തന്റെ പുറകിൽ ഉണ്ടെന്ന ആത്മവിശ്വാസത്തോടെ മാത്രമാണ് എന്ന് ആരാധകരും പറയുന്നു.

പ്ലസ് ടു കാലം മുതൽ പത്തു വർഷത്തോളമുള്ള പ്രണയത്തിനൊടുവിൽ 2014-ൽ ആയിരുന്നു ടൊവിനോ ലിഡിയയെ വിവാഹം ചെയ്തത്. ഏഴു വയസുകാരിയായ ഇസയും, രണ്ട് വയസുകാരനായ ടഹാനുമാണ് ഇവരുടെ മക്കൾ. സിനിമാ വിശേഷങ്ങൾക്കൊപ്പം തന്നെ വീട്ടിലെ വിശേഷങ്ങളും കുടുംബത്തോടും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇടയ്ക്കിടയ്ക്ക് സോഷ്യൽമീഡിയയിൽ ടൊവിനോ പങ്കുവയ്ക്കാറുണ്ട്. സിനിമയിലേക്ക് വരാനുള്ള മോഹം കാരണം എഞ്ചിനീയറിങ് ജോലി ഉപേക്ഷിക്കുമ്പോൾ എല്ലാ പിന്തുണയും തന്നു കൂടെ നിന്നത് ലിഡിയ ആയിരുന്നു എന്ന് പല അഭിമുഖങ്ങളിലും ടൊവിനോ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *