അറബിക്കഥയിലെ ആ ഡയലോഗ് സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നു; കൈയില്‍നിന്ന് ഇട്ടതാണ്: സുരാജ്

മനുഷ്യരെ കരയിപ്പിക്കാന്‍ എളുപ്പമാണെന്ന് ജനപ്രിയതാരം സുരാജ് വെഞ്ഞാറമൂട്. ഒരാളെ ചിരിപ്പിക്കാനാണ് പ്രയാസം. ചിരിയുടെ രസക്കൂട്ടുകള്‍ ഇതൊക്കെയായിരിക്കണം എന്നൊന്നും മുന്‍കൂട്ടി നിര്‍വചിക്കാനാവില്ല. ഷൂട്ടിങ് സമയത്തും ഡബ്ബിങ് സമയത്തും തിയേറ്ററില്‍ വന്‍ കൈയടി ലഭിക്കുമെന്നു കരുതിയ പല സീനുകളും വലിയ ചലനങ്ങള്‍ സൃഷ്ടിക്കാതെ ആവറേജ് ആയി കടന്നുപോകും. പലപ്പോഴും, നമ്മള്‍ പ്രതീക്ഷിക്കാത്ത സീനുകള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ആസ്വദിക്കുകയും ചെയ്യും. തിയേറ്ററുകളില്‍ ജനം കൈയടിക്കുന്ന സീനുകള്‍ മുന്‍കൂട്ടി പ്രവചിക്കാനാവില്ലല്ലോ.

സിനിമയില്‍ സിറ്റുവേഷനനുസരിച്ചാണ് കോമഡി ഉണ്ടാകുന്നത്. കോമഡിക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്താല്‍ ചിലപ്പോള്‍ അത് ഫലിക്കാതെ വരും അല്ലെങ്കില്‍ ഹാസ്യം അസ്ഥാനത്തായിപ്പോകും. സ്‌റ്റേജ് ഷോയിലാണെങ്കില്‍ അതിന്റെ റിസല്‍റ്റ് അപ്പോള്‍ത്തന്നെ അറിയാം. സിനിമയില്‍ അതു പറ്റില്ലല്ലോ. സ്‌റ്റേജിലായാലും സിനിമയിലായാലും ആര്‍ട്ടിസ്റ്റിന്റെ സംഭാവനകള്‍ ഉണ്ടാകും. എന്നെ സംബന്ധിച്ച് സ്‌ക്രിപ്റ്റില്‍ ഇല്ലാത്തതൊക്കെ ഡയറക്ടറുടെ അനുവാദത്തോടെ ചിത്രീകരണ സമയത്തും ഡബ്ബിങ് സമയത്തും കൂട്ടിച്ചേര്‍ക്കാറുണ്ട്.

അറബിക്കഥ എന്ന സിനിമയില്‍ അത്തരമൊരു സീനുണ്ട്. ഞാനും ശ്രീനിയേട്ടനും നോമ്പുതുറ സമയത്ത് ഒരു പള്ളിയില്‍ എത്തുന്ന സീനുണ്ട്. ഞങ്ങള്‍ നോമ്പുപിടിച്ചവരല്ല കഥയില്‍. വിശപ്പാണ് പ്രശ്‌നം. ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലാതെയാണ് അവിടെ എത്തുന്നത്. വയറു നിറയെ കഴിച്ചതിനു ശേഷം കൈയില്‍ കരുതിയിരുന്ന കവറില്‍ പഴങ്ങള്‍ നിറച്ചുകൊണ്ടു പുറത്തേക്കിറങ്ങുന്നു. അപ്പോള്‍ പറയുന്ന, ”കവറു കൊണ്ടുവന്നത് മോശാവോ ആവോ.. നാളെ മുതല്‍ ചാക്ക് എടുത്തോണ്ടു വരാം… ” എന്ന ഡയലോഗ് സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നു. ഡബ്ബിങ് സമയത്ത് കൈയില്‍ നിന്നിട്ടതാണ്. തിയേറ്ററില്‍ വലിയ കൈയടി കിട്ടിയ രംഗമായി മാറിയെന്നും താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *