തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് ദമ്പതികള്‍ ഉൾപ്പെടെ 3 പേർ മരിച്ചു; 3 പേർക്ക് പരുക്ക്

കുന്നംകുളം പന്തല്ലൂരിൽ രോഗിയുമായി വന്ന ആംബുലൻസ് മരത്തിലിടിച്ച് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മരത്തംകോട് സ്വദേശികളായ റഹ്മത്ത് (48), ബന്ധു ഫെമിന (30), ഭർത്താവ് ആബിദ് (35) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. 

കനത്ത മഴയിൽ ആംബുലൻസ് നിയന്ത്രണം വിടുകയായിരുന്നു. ശ്വാസതടസം നേരിട്ട ഫെമിനയെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴാണ് മരത്തിലിടിച്ച് മറിഞ്ഞത്. റഹ്മത്തിന്റെ മകൻ ഫാരിസ്, ആംബുലൻസ് ഡ്രൈവർ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞ് അപകട സ്ഥലത്തേക്ക് പോയ മറ്റൊരു ആംബുലൻസ് കുന്നംകുളത്ത് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *