ആ യുവതി ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ കീഴടക്കി. അസാധ്യമായതെന്നു പലര്‍ക്കും തോന്നുന്ന കാര്യമാണ് അവര്‍ ചെയ്തു മാതൃകയായത്. ഒരു പക്ഷേ, റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ലോകത്തിലെ ആദ്യത്തെ സംഭവുമായിരിക്കാം ഇത്! ആ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയി. സാരിയുടുത്ത് മഞ്ഞുമലകളിലൂടെ സ്കീയിംഗ് നടത്തുന്ന യുവതിയാണ് വീഡിയോയിലെ താരം. യുവതി അത്ര നിസാരക്കാരിയല്ല, സാത്തി (സൗത്ത് എഷ്യന്‍ ആര്‍ട്സ് ആന്‍ഡ് തിയേറ്റര്‍ ഹൗസ്) ന്റെ സിഇഒ ദിവ്യ മയ്യയാണ് ആണ് വൈറല്‍ താരം. പിങ്ക് നിറത്തിലുള്ള സാരിധരിച്ച് മഞ്ഞുമൂടിയ മലകളിലൂടെ തെന്നിനീങ്ങുന്ന ദിവ്യ സാരിയുടുക്കുന്നവര്ക്കു പ്രചോദനമാകുകയും ചെയ്തു. സാരി ദിവ്യയ്ക്കു തടസമായില്ല. പ്രാഗത്ഭ്യമുള്ള സ്കീയിംഗ് താരത്തെപ്പോലെയാണ് ദിവ്യ മഞ്ഞിലൂടെ തെന്നിനീങ്ങുന്നത്. സാരി സുഖകരമായ വസ്ത്രമല്ല എന്നു പറയുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട വീഡിയോ കൂടിയാണിത്. ദിവ്യ തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം പതിനൊന്നിനാണ് ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്. പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
ധൈര്യം, കായികക്ഷമത, സാംസ്കാരിത്തനിമ എന്നിവയുടെ അതുല്യമായ സമ്മിശ്രണം കൊണ്ട് ദിവ്യ ഓണ്‍ലൈന്‍ സമൂഹത്തെ ആകര്‍ഷിച്ചു. റീലിനൊപ്പമുള്ള സന്ദേശത്തില്‍, സീസണിലുടനീളം തനിക്കു ലഭിച്ച മികച്ച പിന്തുണയ്ക്ക് ദിവ്യ നന്ദിയും അറിയിച്ചു. സാരിയില്‍ സ്കീയിംഗ് എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ തന്നെ പ്രചോദിപ്പിച്ച വ്യക്തിയെയും ദിവ്യ ഓര്‍ത്തു. ‘ഇത് നിങ്ങള്‍ക്കുള്ളതാണ്, എന്ന് ദിവ്യ പ്രഖ്യാപിക്കുകയും ചെയ്തു. ദിവ്യയുടെ നേട്ടം കാഴ്ചക്കാരില്‍ ആഴത്തില്‍ സ്പര്‍ശിക്കുകയുണ്ടായി. ആരെയും വിസ്മിയിപ്പിക്കുന്ന വീഡിയോ എന്നതു മാത്രമല്ല, ശക്തമായ സന്ദേശം കൂടി നല്‍കുന്നതാണ് ദൃശ്യങ്ങള്‍. സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്ക്കും പ്രചോദനം നല്‍കുന്നതാണ് വീഡിയോ എന്ന് ധാരാളം അഭിപ്രായങ്ങളും വീഡിയയ്ക്കു ലഭിച്ചു.