മരണം 60, സ്ഥിതി ശാന്തമാകുന്നു; 2 ദിവസമായി അക്രമമില്ല; മണിപ്പുരിൽ ആരാധനാലയങ്ങൾ സംരക്ഷിക്കണം: സുപ്രീംകോടതി

കലാപം ആളിപ്പടർന്ന മണിപ്പുരിൽ വീടും സ്ഥലവും വിട്ടുപോകേണ്ടി വന്നവരെ പുനരധിവസിപ്പിക്കാനും ആരാധാനാലയങ്ങൾ സംരക്ഷിക്കാനും സുപ്രീംകോടതി നിർദേശിച്ചു. 2 ദിവസമായി അക്രമം നടന്നിട്ടില്ലെന്നും സ്ഥിതി ശാന്തമായെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ദുരിതാശ്വാസ ക്യാംപുകളിൽ ഭക്ഷണവും മരുന്നും ഉൾപ്പെടെ ഉറപ്പാക്കാൻ കോടതി നിർദേശിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സ്വീകരിച്ച നടപടികൾ കേന്ദ്രം കോടതിയിൽ വിശദീകരിച്ചു. 52 കമ്പനി സായുധസേനയെ വിന്യസിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. 

ഇതേസമയം, സ്ഥിതി ഏറക്കുറെ ശാന്തമായതായി കരസേന അറിയിച്ചു. ഇന്നലെ കാര്യമായ അനിഷ്ട സംഭവങ്ങളുണ്ടായില്ല. കലാപ മേഖലകളിൽ ഡ്രോൺ, ഹെലികോപ്റ്റർ നിരീക്ഷണം തുടരുന്നു. കരസേനയും അസം റൈഫിൾസും വിവിധയിടങ്ങളിൽ ഫ്ലാഗ് മാർച്ച് നടത്തി. കലാപത്തിൽ 60 പേർ മരിച്ചതായി മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പറഞ്ഞു. 231 പേർക്കു പരുക്കേറ്റു. 1700 വീടുകൾ അഗ്നിക്കിരയായി. 

അക്രമം ഭയന്ന് 596 പേർ അയൽ സംസ്ഥാനമായ മിസോറമിലേക്കു പലായനം ചെയ്തു. അസമിലേക്കും ആളുകൾ കൂട്ടമായി നീങ്ങുന്നുണ്ട്. തലസ്ഥാനമായ ഇംഫാലിൽ ഇന്നലെ രാവിലെ കർഫ്യൂവിൽ ഇളവ് നൽകി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിച്ചു. 

മണിപ്പുരിലെ സർവകലാശാലയിൽ പഠിക്കുന്ന 9 മലയാളി വിദ്യാർഥികളെ ഇന്നലെ രാത്രി വിമാനമാർഗം ബെംഗളൂരുവിലെത്തിച്ചു. സംസ്ഥാന സർക്കാരാണു വിമാന ടിക്കറ്റ് ഏർപ്പാടാക്കിയത്. 13 വിദ്യാർഥികളടക്കം 18 മലയാളികളെ ഇന്ന് ചെന്നൈയിലെത്തിക്കുമെന്നു ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് അറിയിച്ചു. സഹായം തേടി നോർക്കയിലേക്ക് ഇതുവരെ 55 പേരാണു വിളിച്ചത്. ബിഹാർ, ആന്ധ്ര, മഹാരാഷ്ട്ര സർക്കാരുകൾ വിദ്യാർഥികളെ എത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തി. അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളും മണിപ്പുരിൽ നിന്ന് നാട്ടുകാരെ ഒഴിപ്പിക്കുകയാണ്. 

Leave a Reply

Your email address will not be published. Required fields are marked *