ഡോക്ടർ വന്ദനയുടെ കൊലപാതകം: എഫ്  ഐ  ആറിൽ  പിഴവുകൾ

കൊട്ടാരക്കരയിൽ വനിതാ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതി സന്ദീപിന്റെ ഫോൺ അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ലഹരി ഉപയോഗം സംബന്ധിച്ച തെളിവുകൾ ഫോണിലുണ്ടോ എന്നറിയാനാണ് പരിശോധന. ആക്രമണത്തിന് തൊട്ടുമുമ്പ് വന്ദന ഉൾപ്പെടുന്ന വീഡിയോ എടുത്തത് പ്രതിതന്നെയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഈ വീഡിയോ ഒരു സുഹൃത്തിന് അയച്ചുകൊടുത്തു. ആ സുഹൃത്തിനെയും വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുക്കും.

കേസിലെ എഫ് ഐ ആറിൽ മാറ്റം വരുത്താനും പൊലീസ് തീരുമാനിച്ചു. ഡ്യൂട്ടി ഡോക്ടറുടെ മൊഴിപ്രകാരം തയ്യാറാക്കിയ എഫ് ഐ ആറിൽ ഗുരുതര പിഴവുകൾ വന്നെന്ന് വ്യക്തമായതോടെയാണ് പുതിയ എഫ് ഐ ആർ തയ്യാറാക്കാൻ തീരുമാനിച്ചത്. ഇതിനായി ദൃക്‌സാക്ഷികളായ കൂടുതൽ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി ആദ്യം ആക്രമിച്ചത് വന്ദനയെ എന്നായിരുന്നു എഫ് ഐ ആറിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത് ശരിയല്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സമയം രേഖപ്പെടുത്തിയതിലും ഗുരുതര പിഴവാണ് ഉള്ളത്. ആക്രമണം കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ അറിഞ്ഞത് 8.15 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പുലർച്ചെ നാലുമുതൽ പ്രതിയോടൊപ്പം പൊലീസുകാർ ഉണ്ടായിരുന്നു. വന്ദനയുടെ മരണം സ്ഥിരീകരിച്ചശേഷവും കൊലപാതക ശ്രമം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അക്രമം ഉണ്ടാകുന്നതിന്റെ തലേദിവസം മുതൽ സന്ദീപ് പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്നാണ് കുത്തേറ്റ ബന്ധു ബിനു പറയുന്നത്. മുറിവ് പരിശോധിച്ച ശേഷം എക്സറേ എടുക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം. പ്രതിയുടെ കയ്യിൽ കത്രിക ഉണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും ബിനു മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴുത്തിനാണ് ആദ്യം കത്രിക കൊണ്ട് കുത്തിയതെന്നും കതകിന് പിന്നിൽ ഒളിച്ചതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും ബിനു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *