വിദ്യാര്‍ത്ഥിനി മതപഠന കേന്ദ്രത്തില്‍ തൂങ്ങിമരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച കേസില്‍ പ്രത്യേക അന്വേഷണസംഘം. നെയ്യാറ്റിന്‍കര ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം.

ബാലരാമപുരത്ത് അല്‍ ആമന്‍ മതപഠനശാലയിലാണ് പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. തിരുവനന്തപുരം ബീമാപ്പളളി സ്വദേശിനി 17 വയസുകാരിയായ അസ്മിയമോളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ബാലരാമപുരം പോലീസിന് പരാതി നല്‍കിയിരുന്നു.

അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. സ്ഥാപന അധികൃതരില്‍ നിന്ന് കുട്ടി പീഡനം നേരിട്ടതായാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ പെരുന്നാളിന് ശേഷമാണ് പെണ്‍കുട്ടി സ്ഥാപനത്തിനെതിരെ പരാതി അറിയിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ ദിവസം രണ്ട് മണിയോടെ കുട്ടി ഉമ്മയെ വിളിച്ച് ഉടന്‍ ബലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നര മണിക്കൂറിനുളളില്‍ സ്ഥാപനത്തിലെത്തിയ മാതാവിനെ ആദ്യം കുട്ടിയെ കാണാന്‍ അനുവദിച്ചില്ല. ഇതിന് പിന്നാലെ കുട്ടി മദ്രസയിലെ കുളിമുറിയില്‍ മരിച്ച് കിടക്കുന്നതായാണ് അറിയിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *