മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ജീവിതത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയില്ല. മറ്റൊരാളെ വിളിക്കുക എന്നതു മാത്രമല്ല, ഇന്നു പണമിടപാടുകള്‍ വരെ ഫോണിലൂടെയാണ് ഇന്ന് ആളുകള്‍ ചെയ്യുന്നത്. ആയിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള ഫോണുകള്‍ വിപണിയിലുണ്ട്. ഇരുപത്തിനാലു മണിക്കൂറും ആളുകളുടെ കൈയിലുണ്ടാവും ഫോണ്‍. എന്നാല്‍, അടുത്തിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഇത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്.
അപകടാവസ്ഥയിലേക്ക് എത്തിച്ചേരുന്നതിനു മുമ്പ് മൊബൈല്‍ ഫോണ്‍ പലവിധത്തിലുള്ള സിഗ്‌നല്‍ തരുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്കു കൊടുക്കുമ്പോള്‍ മാത്രമല്ല, മുതിര്‍ന്നവര്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധ കൊടുക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നതിനു പിന്നില്‍ പലവിധ കാരണങ്ങളുണ്ട്. ഫോണിന്റെ ബാറ്ററി തകരാറാണ് അതില്‍ പ്രധാനം. സ്മാര്‍ട്ട് ഫോണുകളില്‍ ലിഥിയം അയേണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ബാറ്ററിക്ക് തകരാര്‍ സംഭവിച്ചാല്‍ ബാറ്ററിയിലടങ്ങിയ വസ്തുക്കളില്‍ രാസപ്രവര്‍ത്തനം നടക്കുകയും ഇതു പൊട്ടിത്തെറിക്കാന്‍ കാരണമാകുകയും ചെയ്യും. വെയിലത്ത് ഫോണ്‍ ഏറെ നേരം വയ്ക്കുക, സിപിയുവിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന മാല്‍വെയറിന്റെ സാന്നിധ്യം, ചാര്‍ജിങ്ങിലെ പ്രശ്‌നം എന്നിങ്ങനെ ഫോണ്‍ അമിതമായി ചൂടാകുന്നതിന് കാരണങ്ങളേറെയാണ്.
പക്ഷേ മൊബൈല്‍ ഫോണ്‍ അപകടകാരിയാകുന്നുവെന്ന് കാണിക്കുന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് അമിതമായി ചൂടാകുന്നു എന്നതാണ്. ഫോണ്‍ അമിതമായി ചൂടായാല്‍ അത് ചാര്‍ജിങ്ങില്‍ ആണെങ്കില്‍ ഉടന്‍ അണ്‍പ്ലഗ് ചെയ്യാന്‍ ശ്രദ്ധിക്കുക. ബാറ്ററി വീര്‍ക്കുന്നതാണ് രണ്ടാമത്തെ ലക്ഷണം. ഫോണ്‍ ബാറ്ററി വീര്‍ക്കുക, സ്‌ക്രീന്‍ യാതൊരു കാരണവുമില്ലാതെ പൊട്ടുക, ഫോണ്‍ ചേസ് വീര്‍ത്ത് നിരപ്പായ പ്രതലത്തില്‍ ഫോണ്‍ വച്ചാലും അതു പ്രതലത്തോട് ചേര്‍ന്നിരിക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഫോണ്‍ അപകടകാരിയാകുന്നുവെന്ന് കാണിക്കുന്ന ചില ലക്ഷണങ്ങളാണ്.
ഇനി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
- മൊബൈല്‍ ഫോണിന്റെ ബോഡിക്ക് വരുന്ന തകരാറുകള്‍ ഒഴിവാക്കന്‍ ഫോണ്‍ കവര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. വെയിലില്‍ നിന്നും കനത്ത ചൂടില്‍ നിന്നും ഫോണിനെ സംരക്ഷിക്കുക
- ഉറങ്ങുന്നിടത്ത് നിന്ന് ദൂരെ മാറി മാത്രം മൊബൈല്‍ ഫോണ്‍ ചാര്‍ജിങ്ങില്‍ ഇടുക
- ബാറ്ററി ഹൈജീന്‍ നിലനിര്‍ത്തുക. മൊബൈല്‍ ഫോണ്‍ ബാറ്ററി 30 ശതമാനത്തിലേക്കു താഴുമ്പോള്‍ ചാര്‍ജ് ചെയ്യാനിടുകയും ബാറ്ററി 80 ശതമാനത്തിലെത്തുമ്പോള്‍ ചാര്‍ജിങ് അവസാനിപ്പിക്കുകയും ചെയ്യുക.
- കമ്പനി നല്‍കിയ ചാര്‍ജറും കേബിളും മാത്രം ഉപയോഗിക്കുക. മറ്റ് ഫോണ്‍ ചാര്‍ജറുകള്‍ ഉപയോഗിക്കാതിരിക്കുക. ഫോണിനെ ആക്രമിക്കുന്ന മാല്‍വെയറുകളെ കരുതിയിരിക്കുക.
- നിര്‍മാണത്തിലെ അപാകതയും പൊട്ടിത്തെറിക്കു കാരണമാകാം.