മാർക്ക് ലിസ്റ്റ് വിവാദം; ഡിജിപിക്ക് പരാതി നൽകി ആർഷോ

മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങളിൽ ഗൂഢാലോചനയുണ്ടായെന്നും പരാതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പരാതി നൽകി. തെറ്റായ മാർക്ക്ലിസ്റ്റ് പുറത്തുവന്നതും, അതിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇ-മെയിൽ മുഖേനെയാണ് ആർഷോ പരാതി നൽകിയത്. 

മഹാരാജാസ് കോളേജിൽ എഴുതാത്ത പരീക്ഷ താൻ ജയിച്ചെന്ന് വരുത്തിത്തീർക്കാൻ ഗൂഢാലോചന നടന്നെന്നാരോപിച്ച് പിഎം ആർഷോ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. 2020 അഡ്മിഷനിലുള്ള തന്നെ 2021 ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചുവെന്നും മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പലവട്ടം വാക്കു മാറ്റി മാറ്റി പറയുന്നുവെന്നും ആർഷോ കുറ്റപ്പെടുത്തി. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ വീഴ്ചകൾ പരിശോധിക്കണം. ഈ ആവശ്യം ഉന്നയിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിനടക്കം പരാതി നൽകും. തന്നെയും എസ്എഫ്‌ഐയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. എസ്എഫ്‌ഐയെ ഇല്ലാതാക്കാമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.  

Leave a Reply

Your email address will not be published. Required fields are marked *