‘മന്‍ കി ബാത്തില്‍ മണിപ്പുരിനെപ്പറ്റി മൗനം’; വിമര്‍ശനവുമായി കോണ്‍ഗ്രസ്

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ കലാപഭൂമിയായ മണിപ്പുരിനെക്കുറിച്ച് ഒരക്ഷരംപോലും പറഞ്ഞില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്ത്. ദുരന്ത നിവാരണ രംഗത്തെ ഇന്ത്യയുടെ മികവ് എടുത്തുപറഞ്ഞ പ്രധാനമന്ത്രി മണിപ്പൂരിലെ വിഷയം പരാമര്‍ശിച്ചില്ലെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിമര്‍ശനമുന്നയിച്ചു.

ഒരു മന്‍ കി ബാത്ത് കൂടി പുറത്തിറങ്ങി. പക്ഷേ മണിപ്പുരിനെക്കുറിച്ച് അപ്പോഴും പ്രധാനമന്ത്രിയ്ക്ക് മൗനം മാത്രം. ദുരന്തനിവാരണത്തില്‍ ഇന്ത്യയുടെ മികവ് എടുത്തുകാട്ടി പ്രധാനമന്ത്രി സ്വയം പുകഴ്ത്തുന്നു. എന്നാല്‍ മണിപ്പുരിലെ മനുഷ്യനിര്‍മിതമായ ഒരര്‍ഥത്തില്‍ സ്വയം വരുത്തിവെച്ച ദുരന്തത്തെ പറ്റി പ്രധാനമന്ത്രി എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ല. സമാധാനം തിരികെ കൊണ്ടു വരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടാത്തത് എന്തുകൊണ്ടായിരിക്കും. – ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ മന്‍ ദി ബാത്തിന്റെ 102-ാം പതിപ്പായിരുന്നു ഞായറാഴ്ച പുറത്തിറങ്ങിയത്. ബിപോര്‍ജോയ് വിതച്ച ദുരന്തത്തില്‍ നിന്ന് ഗുജറാത്തിലെ കച്ചിന് വേഗം കരകയറാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച മോദി ദുരന്തനിവാരണത്തില്‍ ഇന്ത്യ മുന്നിട്ടു നില്‍ക്കുന്നു എന്ന് പ്രശംസിക്കുകയും ചെയ്തു. ജനാധിപത്യത്തെ പിന്തുണയ്ക്കുന്നവരെ അടിച്ചമര്‍ത്തിയ അടിയന്തരാവസ്ഥയായിരുന്നു ഇന്ത്യയുടെ ചരിത്രം കണ്ട ഏറ്റവും ഇരുണ്ട കാലഘട്ടമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ വ്യക്തമാക്കി. എന്നാല്‍ മണിപ്പുരില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയെ പറ്റി മോദിയുടെ ഭാഗത്തു നിന്ന് പരാമര്‍ശമുണ്ടായില്ല.

മന്‍ കി ബാത്തിനു വേണ്ടിയല്ല സമയം കളയേണ്ടതെന്നും ഇപ്പോള്‍ മണിപ്പുരിനെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കേണ്ടതെന്നും പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയും രംഗത്തെത്തി.

മണിപ്പൂരില്‍ മേയ് മൂന്നിന് തുടങ്ങിയ കുക്കി-മെയ്ത്തി വിഭാഗങ്ങള്‍ തമ്മിലുള്ള കലാപത്തില്‍ ഇതുവരെ നൂറോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംഘര്‍ഷം കൂടുതല്‍ വഷളായി വരികയാണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും സംഘര്‍ഷം വര്‍ധിക്കുകയാണ് ഉണ്ടായത്. കേന്ദ്രമന്ത്രിയുടേയും രാഷ്ട്രീയ നേതാക്കളുടേയുമടക്കം നിരവധി പേരുടെ വീടുകളും കലാപകാരികൾ തീവെച്ചു നശിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *