മണിപ്പൂരില്‍ ഇരുവിഭാഗങ്ങളെയും സന്ദര്‍ശിക്കാതെ മടങ്ങില്ല; ഹെലികോപ്റ്ററില്‍ യാത്ര തുടരാന്‍ രാഹുല്‍

മണിപ്പൂരില്‍ റോഡ് മാര്‍ഗമുള്ള യാത്ര പൊലീസ് തടഞ്ഞതോടെ രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ ചുരാചന്ദ്പൂരിലേക്ക്. കുക്കി – മെയ്തെയ് വിഭാഗങ്ങളുടെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. ഇരുവിഭാഗങ്ങളെയും സന്ദര്‍ശിക്കാതെ ഡല്‍ഹിക്ക് മടങ്ങില്ലെന്നാണ് രാഹുലിന്‍റെ തീരുമാനം. നേരത്തെ ബിഷ്ണുപൂരിലാണ് രാഹുലിനെ പൊലീസ് തടഞ്ഞത്. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മടങ്ങിപ്പോവണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. രാഹുല്‍ വന്നതറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞു. ബിഷ്ണുപൂരിൽ ജനക്കൂട്ടം ബാരിക്കേഡ് തകർത്തു. പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.

സംഘര്‍ഷം ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നാണ് ചുരാചന്ദ്പൂര്‍. അവിടെ സമാധാന സന്ദേശവുമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധി പോകുന്നത്. മെയ് മാസത്തിൽ ആരംഭിച്ച കലാപത്തെ തുടര്‍ന്ന് 50,000 ത്തോളം ആളുകൾ സംസ്ഥാനത്തുടനീളമുള്ള 300ലധികം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. രാഹുലിനെ തടയുന്നത് ദൗർഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്‌ പറഞ്ഞു. മൗനം പാലിക്കുന്ന പ്രധാനമന്ത്രി മണിപ്പൂരികളെ കാണുന്നതിൽ നിന്നും രാഹുലിനെ തടയുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *