ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ‘നസ്രത്തില്‍ നിന്ന് നന്മ പ്രതീക്ഷിക്കേണ്ട’ എന്ന ബൈബിള്‍ വാചകത്തെ ഓർമ്മപ്പെടുത്തുന്നുവെന്ന് ചെന്നിത്തല

മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള രാഹുൽ ഗാന്ധിയുടെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിൽ വിമർശനവുമായി രമേശ് ചെന്നിത്തല. ഗുജറാത്തിൽ നിന്നുള്ള വിധി കേട്ടപ്പോൾ യേശുദേവൻ പറഞ്ഞ ഒരു വാചകമാണ് എനിക്ക് ഓർമ്മ വന്നതെന്ന് പറഞ്ഞ ചെന്നിത്തല, നസ്രത്തിൽ നിന്നും നന്മ പ്രതീക്ഷിക്കേണ്ടെന്നതാണെന്നും പറഞ്ഞു. രാഷ്ട്രീയമായും നിയമപരമായും രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസിനെ നേരിടും. 10 കേസുകൾ രാഹുൽ ഗാന്ധിയുടെ പേരിൽ ഉണ്ടെന്നാണ് കോടതി പറഞ്ഞത്. ആരാണീ കേസുകൾ കൊടുക്കുന്നത്. രാജ്യത്തെ വിവിധ കോടതികളിൽ ബി ജെ പി ക്കാർ രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ കൊടുത്ത് അദ്ദേഹത്തെ അപമാനിക്കുകയല്ലേയെന്നും ചെന്നിത്തല ചോദിച്ചു.

രാഷ്ട്രീയമായി നരേന്ദ്ര മോദിയെയും ഗവൺമെന്റിനെയും എതിർത്തു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്. നരേന്ദ്ര മോദിയുടെ അഴിമതി ചോദ്യം ചെയ്തു എന്നതാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള നീക്കത്തിന്റെ കാരണമെന്നും ചെന്നിത്തല തുറന്നടിച്ചു. അദാനിയുമായി പ്രധാനമന്ത്രിക്കുള്ള ബന്ധത്തെ രാഹുൽ ചോദ്യം ചെയ്തതോടെയാണ് അദ്ദേഹം കേസിൽ അയോഗ്യനാക്കപ്പെട്ടത് ഏതായാലും അഴിമതിക്കും വർഗ്ഗീയതക്കും എതിരെയുള്ള രാഹുൽ ഗാന്ധിയുടെ പോരാട്ടം തുടരുമെന്നും ഇക്കാര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *