പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിൽ നിന്ന് പത്ത് ലക്ഷം വാങ്ങുന്നത് കണ്ടെന്ന രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച്, തട്ടിപ്പിൽ നേരിട്ട് പങ്കുള്ള ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മണിനെ തൊടാൻ വിറയ്‌ക്കുന്നു. കേസിൽ നാലാം പ്രതിയാക്കിയിട്ട് ഒരു മാസമായെങ്കിലും തുടർനടപടികളില്ല. 15 മാസത്തെ സസ്പെൻഷനുശേഷം തിരിച്ചെത്തിയ ലക്ഷ്‌മൺ, പൊലീസ് പരിശീലനത്തിന്റെ ചുമതലയിൽ വിലസുന്നു.വ്യാജപുരാവസ്തു തട്ടിപ്പിന് പൊലീസുകാരെ കരുവാക്കിയെന്നും പൊലീസിന്റെ അധികാരമുപയോഗിച്ച് തട്ടിപ്പുകാരനെ സംരക്ഷിച്ചെന്നും ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിയെ അറിയിച്ചപ്പോഴാണ് 2021നവംബറിൽ സസ്പെൻഷനിലായത്. സസ്പെൻഷൻ മൂലം നഷ്‌ടമായ അഡി.ഡി.ജി.പി പ്രൊമോഷനു വേണ്ട് ക്ലീൻചിറ്റ് നൽകാനുള്ള അന്വേഷണമാണ് നടക്കുന്നതെന്നാണ് ആക്ഷേപം.1997ഐ.പി.എസ് ബാച്ചാണ് ലക്ഷ്‌മൺ.
കണ്ടെത്തലുകൾ – ഇടനിലക്കാരിയായ ആന്ധ്ര സ്വദേശിയെ മോൻസണിന് പരിചയപ്പെടുത്തി. സ്വർണ ബൈബിൾ, ഗണേശ വിഗ്രഹം, ഖുറാൻ, രത്നങ്ങൾ തുടങ്ങിയവ വിൽക്കാൻ ശ്രമിച്ചു. വ്യാജപുരാവസ്തുക്കൾ തിരുവനന്തപുരത്ത് പൊലീസ് ക്ലബിൽ എത്തിക്കാൻ ഗൺമാൻമാരെ നിയോഗിച്ചു. പ്രതിയായ ശേഷവും മോൻസണുമായി അവിശുദ്ധ ബന്ധം. ഔദ്യോഗിക വാഹനത്തിൽ മോൻസണിന്റെ കലൂരിലെയും ചേർത്തലയിലെയും വീടുകളിലെത്തി. ഐ.ജിയുടെ സാന്നിദ്ധ്യം ഇടപാടുകാരിൽ വിശ്വാസമുണ്ടാക്കാൻ മോൻസൺ ഉപയോഗിച്ചു.കണ്ടെത്തലുകളെല്ലാം ആവിയാക്കി ഐ.ജിയെ രക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമം. ഫോൺവിളികളും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നില്ല.