ശരിക്കും തൂങ്ങിച്ചത്തേനെ… രക്ഷപ്പെട്ടതു ഭാഗ്യം; ഷൂട്ടിങ്ങിനിടയിലെ സംഭവം പങ്കുവെച്ച് ജാനകി

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയാണ് ജാനകി. തമിഴ് സിനിമയിൽ നായികയായും ജാനകി അഭിനയിച്ചിട്ടുണ്ട്. കഥാപാത്രങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ജാനകി വെള്ളിത്തിരയിൽ ചുവടുറപ്പിക്കുന്നു. തമിഴിൽ അഭിനയിക്കുമ്പോൾ താൻ മരണത്തിനു മുന്നിൽനിന്നു തിരിച്ചുവന്ന സംഭവം പറയുകയാണ് ജാനകി.

തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ ഒരു സംഭവം മറക്കാനാവില്ല. ചിത്രത്തിൽ നായികയെ തൂക്കിക്കൊല്ലുന്ന ഒരു രംഗമുണ്ട്. പിറകിൽ കയറുകൊണ്ട് കെട്ടിയിട്ടുണ്ട്. പിന്നെ കഴുത്തിൽ ഒരു ഡമ്മി കയറുമുണ്ട്. തൂങ്ങി നിൽക്കുന്ന നായികയെ പൊലീസുകാർ അഴിച്ചിറക്കുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. പോലീസുകാരനായി അഭിനയിക്കുന്നത് ഒരു ജൂനിയർ ആർട്ടിസ്റ്റാണ്. ശരീരത്തിനു പിറകിൽ കെട്ടിയിരിക്കുന്ന കയറിൽ വലിക്കരുതെന്നു പറയാൻ വിട്ടുപോയി. ജൂനിയർ ആർട്ടിസ്റ്റ് കയറിൽ പിടിച്ചുവലിച്ചതോടെ കഴുത്തിൽ ഇട്ടിട്ടുള്ള ഡമ്മി കയർ വലിഞ്ഞ് കഴുത്തിറുകി. ശ്വാസം കിട്ടാതെ പിടഞ്ഞു. അഭിനയമാണെന്നു കരുതി മറ്റുള്ളവർ നോക്കി നിന്നു. ചിത്രത്തിൽ എന്റെ അച്ഛനായി അഭിനയിക്കുന്നത് രാജേന്ദ്രൻ എന്ന നടനാണ്. എന്റെ മുഖത്തെ ഭാവമാറ്റം കണ്ടപ്പോൾ രാജേന്ദ്രനു കഴുത്തിറുകുന്നുണ്ടെന്നു മനസിലായി.

അദ്ദേഹം ഓടിയെത്തി എന്നെ ഉയർത്തിയപ്പോഴാണ് അഭിനയമല്ല, ശരിക്കും കഴുത്തിറുകിയതാണെന്ന് മറ്റുള്ളവർക്ക് മനസിലായത്. ‘രാജേന്ദ്രൻ സാർ കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നു എങ്കിൽ പണിപാളിയേനെ…’- ജാനകി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *