താമസ നിയമം പുനഃപരിശോധിക്കാൻ കുവൈത്ത് സർക്കാർ; നിർദേശങ്ങൾ ഉടൻ പരിഗണിക്കും

 പ്രവാസികളുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ നിയന്ത്രിക്കുന്നതിന് നിലവിലെ താമസ നിയമം പുനപ്പരിശോധിക്കാന്‍ ഒരുങ്ങി കുവൈത്ത് സര്‍ക്കാര്‍. ഇത് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്ന് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്തു. വിദേശ തൊഴിലാളികളുടെ റെസിഡന്‍സി പെര്‍മിറ്റുകളുടെ സാധുത അ‍‍ഞ്ച് വർഷമായി പരിമിതപ്പെടുത്തുവാനാണ് നിര്‍ദ്ദേശം. രാജ്യത്തെ സ്വദേശി-വിദേശി അസന്തുലിതാവസ്ഥ കണക്കിലെടുത്താണ് പുതിയ നീക്കം.

പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിലൂടെ രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മന്ത്രിസഭയുടെ അനുമതിക്ക് ശേഷം ദേശീയ അസംബ്ലിയുടെ അംഗീകാരത്തിനായി കരട് നിര്‍ദ്ദേശം പാര്‍ലിമെന്റിന് മുന്നില്‍ വെക്കും. രാജ്യത്തെ വിദേശ നിക്ഷേപകര്‍ക്ക് 15 വർഷം വരെ താമസ രേഖ അനുവദിക്കും. സ്വദേശി സ്ത്രീകൾക്ക് വിദേശി ഭർത്താവിൽ ജനിച്ച മക്കള്‍ക്ക് പത്ത് വര്‍ഷത്തെ താമസ രേഖ അനുവദിക്കാനും കരട് നിയമത്തില്‍ നിര്‍ദ്ദേശിച്ചു.

ഒക്ടോബർ അവസാനത്തോടെ നിയമം പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. അതേസമയം, താമസ വിസ കാലാവധി കുറയ്ക്കാനുള്ള ശുപാര്‍ശയ്ക്ക് പാര്‍ലിമെന്റ് അംഗീകാരം ലഭിക്കുകയാണെങ്കില്‍ പ്രവാസികള്‍ക്കിടയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന പ്രവാസികളുടെ എണ്ണം ഗണ്യമായി കുറയ്ക്കണമെന്ന ആവശ്യം നേരത്തേ ശക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ നിയന്ത്രണങ്ങളുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *