ലൈഫ് മിഷൻ കോഴക്കേസിൽ എം. ശിവശങ്കർ ജയിൽമോചിതനായി

ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ജയിൽമോചിതനായി. കേസിൽ തുടരന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ആറ് മാസത്തെ ജയിൽവാസത്തിനുശേഷം ശിവശങ്കർ ജയിലിൽനിന്ന് പുറത്തിറങ്ങുന്നത്. വിചാരണാകോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ച കേസില്‍ മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ച് സുപ്രിംകോടതി ജാമ്യം നൽകുകയായിരുന്നു.

ലൈഫ് മിഷൻ കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 14നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. പത്തുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച കേസിൽ ആദ്യം അറസ്റ്റ് ചെയ്തതും ശിവശങ്കറിനെ തന്നെയായിരുന്നു. പിന്നീട് യൂനിടാക് എം.ഡി സന്തോഷ് ഈപ്പന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഒരാഴ്ചക്കുള്ളിൽ ജാമ്യത്തിൽ വിട്ടു. കേസിൽ ജാമ്യം തേടി പലതവണയാണ് ശിവശങ്കർ കോടതിയെ സമീപിച്ചിരുന്നത്.

പ്രധാന പ്രതികളെല്ലാം പുറത്തുകഴിയുമ്പോൾ ശിവശങ്കറിനെ മാത്രം ജയിലിലടച്ചത് ചര്‍ച്ചയായിരുന്നു. ശിവശങ്കറിന്‍റെ ജാമ്യം തള്ളിയ ഉത്തരവിൽ സ്വപ്നയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യവും ഹൈക്കോടതി മുന്നോട്ടുവച്ചു. ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനുശേഷമാണ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ശിവശങ്കർ സുപ്രിംകോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *