സൗദി അറേബ്യയില്‍ പോയപ്പോള്‍ ബാങ്ക് വിളി കേട്ടില്ലെന്ന പരാമർശം തിരുത്തി മന്ത്രി സജി ചെറിയാൻ; തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതെന്ന് മന്ത്രി

സൗദിയില്‍ ബാങ്കുവിളി കേട്ടില്ല എന്ന തന്റെ പരാമര്‍ശം തെറ്റായ വിവരത്തില്‍നിന്ന് സംഭവിച്ചതാണെന്നും ഇത് മനസ്സിലാക്കി എല്ലാവരും തെറ്റിദ്ധാരണ മാറ്റണമെന്നും മന്ത്രി സജി ചെറിയാന്‍ സമൂഹമാധ്യമത്തിലെ കുറിപ്പില്‍ അഭ്യര്‍ഥിച്ചു. മന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

‘സൗദി അറേബ്യയില്‍ ചെന്നപ്പോള്‍ ഞാന്‍ വിചാരിച്ചു, ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നതെന്ന്. കാരണം, എക്‌സ്ട്രീം ആയിട്ടുള്ള വിശ്വാസികളാണ്. ഞാന്‍ പോയ ഒരിടത്തും ബാങ്കുവിളി കണ്ടില്ല. കൂടെ വന്ന ആളോട് ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പറഞ്ഞു, പുറത്ത് കേട്ടാല്‍ വിവരമറിയും എന്ന്. അദ്ഭുതപ്പെട്ടു പോയി.

അവര്‍ക്ക് അവരുടെ വിശ്വാസത്തിന് ബാങ്കുവിളിക്കാന്‍ അവകാശമുണ്ട്. പക്ഷേ, പൊതുയിടത്തില്‍ ശല്യമാണ്, അത് പാടില്ല. അതാണ് നിയമം. എല്ലാവര്‍ക്കും അവിടെ പ്രാര്‍ഥിക്കാന്‍ അവകാശമുണ്ട്. എത്ര ജനാധിപത്യപരമായ സാഹചര്യമാണ് അവിടെ. ഈ മാതൃക ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണ്. പക്ഷേ, ഘട്ടംഘട്ടമായി ഈ മാതൃക നഷ്ടപ്പെടുന്നോ എന്ന ആശങ്കയാണുള്ളത്” – ഇതായിരുന്നു സജി ചെറിയാന്റെ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *