‘ദീപികയെ ആദ്യം കണ്ടപ്പോൾ ഓം ശാന്തി ഓമിലെ ആരാധകനെപ്പോലെയായിരുന്നു താൻ’; വെളിപ്പെടുത്തി ദുൽഖർ

നടി ദീപിക പദുക്കോണിനെ ആദ്യമായി കണ്ടതിന്‍റെ ഓർമകൾ പങ്കുവച്ച്​ നടൻ ദുൽഖർ സൽമാൻ. ദുൽഖർ സൽമാൻ രാജ്കുമാർ റാവു എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ബോളിവുഡ് സീരിസ് ആയ ‘ഗൺസ് ആൻഡ് ഗുലാബ്സ്’ പ്രൊമോഷൻ ഇന്‍റർവ്യൂവിലാണ്​ താരം മനസുതുറന്നത്​. താൻ ദീപികയുടെ വലിയ ആരാധകനായിരുന്നുവെന്നും ദുബായിൽ വച്ച് നടിയെ ആദ്യമായി കണ്ടപ്പോൾ ‘ഓം ശാന്തി ഓം’ നായകനെപ്പോലെ ഒരുനിമിഷം തന്നിലും ഉണ്ടായെന്നും നടൻ പറഞ്ഞു.

2010ൽ ‘കാർത്തിക് കോളിങ്​ കാർത്തിക്’ എന്ന ചിത്രത്തിന്റെ പ്രീമിയറിനായാണ്​ ദീപിക ദുബായിയിൽ എത്തിയത്​. അപ്പോഴാണ്​ ദുൽഖർ ആദ്യമായി ദീപികയെ കാണുന്നത്​. ദീപികയുടെ അരങ്ങേറ്റ ചിത്രമായ ഓം ശാന്തി ഓമിൽ അവരൊരു സിനിമാ നടിയായാണ്​ അഭിനയിച്ചത്​. സിനിമയിലെ നായകനായ ഷാരൂഖ്​ ഖാനാകട്ടെ ഈ നടിയുടെ കടുത്ത ആരാധകനായാണ്​ സിനിമയിൽ എത്തിയത്​. ‘ഞാൻ വളരെ കഷ്ടപ്പെട്ട്​ പ്രീമിയറിനായി ടിക്കറ്റ് എടുത്ത്​ ചുവന്ന പരവതാനിയുടെ വശങ്ങളിൽ നിൽക്കുകയായിരുന്നു. അവിടെവച്ചാണ്​ അവരെ ആദ്യമായി നേരിട്ട് കണ്ടത്​. ഇത് എനിക്ക് ഒരു ഓം ശാന്തി ഓം നിമിഷമായിരുന്നു’-ദുൽഖർ പറഞ്ഞു.

‘ഗൺസ് ആൻഡ് ഗുലാബ്സ്’ ഷോ നെറ്റ്‍ഫ്ലിക്സില്‍ ഓഗസ്‍റ്റ് 18ന്​ സ്‍ട്രീമിങ്​ ആരംഭിച്ചിട്ടുണ്ട്​. ഇൻസ്‌പെക്ടർ അർജുൻ എന്ന കഥാപാത്രമായാണ്​ സിനിമയിൽ ദുൽഖർ എത്തുന്നത്​. കോമഡി ക്രൈം ത്രില്ലർ ടെലിവിഷൻ പരമ്പരയാണ് ഗൺസ് ആൻഡ് ഗുലാബ്സ്. നെറ്റ്ഫ്ലിക്സുമായി സഹകരിച്ച് D2R ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച പരമ്പരയിൽ രാജ്കുമാർ റാവു, ദുൽഖർ സൽമാൻ, ആദർശ് ഗൗരവ്, ഗുൽഷൻ ദേവയ്യ, ടി.ജെ. ഭാനു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *