തൊഴിലുറപ്പ് ജോലി നിരീക്ഷിക്കാൻ ഡ്രോൺ പറത്താൻ കേന്ദ്രം

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടക്കുന്ന ജോലിയുടെ ദൈനംദിന നിരീക്ഷണത്തിന് ഡ്രോൺ വേണമെന്നു കേന്ദ്രം. ക്രമക്കേടും വീഴ്ചകളും തടയാനുള്ള നിരീക്ഷണത്തിന്റെ ഭാഗമായാണിത്.

ജോലിതുടങ്ങുമ്പോഴും തുടരുമ്പോഴുമുള്ള ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഡ്രോൺ ശേഖരിക്കും. പൂർത്തിയായ ജോലികളുടെ പരിശോധന, അവ എത്രത്തോളം കാര്യക്ഷമവും ഫലപ്രദവുമാണ് തുടങ്ങിയ പരിശോധനയും ഡ്രോൺവഴി നടത്തും.

രാജ്യത്താകെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓൺലൈൻ ഹാജർ ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പംതന്നെ രാവിലെ ജോലിതുടങ്ങുമ്പോഴും തീരുമ്പോഴും ചിത്രമെടുത്ത് മൊബൈൽ ആപ്പിൽ അയക്കുകയും വേണം. ഓരോ ദിവസവും നിശ്ചിതജോലി പൂർത്തിയാക്കിയില്ലെങ്കിൽ ശമ്പളത്തിൽ കുറവുണ്ടാകും. ഇതിനൊക്കെ പുറമേയാണ് ഡ്രോൺ നിരീക്ഷണം വരുന്നത്.

21.88 ലക്ഷം സജീവ തൊഴിൽകാർഡുള്ള കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് കുറവാണ്. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രവർത്തനങ്ങളിൽ കേരളം വളരെമുന്നിലുമാണ്. അതുകൊണ്ടുതന്നെ കേന്ദ്രം പുറത്തിറക്കുന്ന സർക്കുലറിൽ പലതും വടക്കേയിന്ത്യൻ സംസ്ഥാനങ്ങൾക്കാണ് പ്രധാനമായും ബാധകമാകുന്നതും. ഡ്രോൺ ഉപയോഗത്തിന്റെ കാര്യത്തിൽ കേരളം പ്രായോഗികപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടും.

Leave a Reply

Your email address will not be published. Required fields are marked *