വലിയ ദേഷ്യക്കാരനായിരുന്നു തന്റെ അച്ഛനെന്ന് മലയാളികളുടെ പ്രിയതാരം ശ്രീനിവാസൻ. സങ്കൽപ്പത്തിലെ മക്കളെ സൃഷ്ടിക്കാനുള്ള പോംവഴിയായി അച്ഛൻ കണ്ടിരുന്നത് അടിയാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അച്ഛന്റെ ക്ലാസിലെ കുട്ടികൾക്ക് അദ്ദേഹം നല്ല അധ്യാപകനാണ്. പുത്തൻ കാഴ്ചപ്പാടുകളും അനുഭവങ്ങളുമുണ്ടാക്കുള്ള അന്തരീക്ഷം വീട്ടിലുണ്ടായിരുന്നില്ല. മധ്യസ്ഥതകളും കേസുകളും മറ്റു പ്രശ്നങ്ങളുമായി അച്ഛൻ അദ്ദേഹത്തിന്റേതായ ലോകത്താണു ജീവിച്ചത്.
അച്ഛൻ തികഞ്ഞ കമ്യൂണിസ്റ്റായിരുന്നു. ഒരിക്കൽ അച്ഛന്റെ കൂടെ തോട്ടുവരമ്പിലൂടെ നടന്നുപോവുകയാണ്. ഇല്ലത്തെ നമ്പൂതിരി എതിരേ നടന്നുവരുന്നു. അച്ഛനെ കണ്ടപ്പോൾ നമ്പൂതിരി ആ വഴിയിൽ നിന്നു മാറി, പാടവരമ്പിലേക്കിറങ്ങി അകന്നുനടക്കാൻ തുടങ്ങി. അപ്പോൾ നമ്പൂതിരി കേൾക്കാനായി അച്ഛൻ ഉറക്കെ വിളിച്ചു പറഞ്ഞു: ‘അങ്ങനെ വേണം, ഞങ്ങൾ കുറേ മാറി നടന്നതല്ലേ, ഇനി നിങ്ങളായിക്കോ…” ജന്മിമാരായ നമ്പൂതിരിമാർ കാണിച്ച ക്രൂരതയോടും അടിച്ചമർത്തൽ മനോഭാവത്തോടുമുള്ള വെറുപ്പും അമർഷവും പ്രതിഷേധവും അന്നെനിക്കു തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അച്ഛന്റെ അധ്യാപക ജോലി നഷ്ടപ്പെട്ടു. പിന്നീട് കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ ജോലി തിരിച്ചുകിട്ടിയത്.
മറ്റുള്ളവരുടേതു പോലെ സാധാരണ ബാല്യമായിരുന്നു എന്റേതും. കണ്ണൂർ ജില്ലയിലെ പാട്യം തീർത്തും സാധാരണമായ ഗ്രാമമാണ്. മധ്യവർഗവും അതിനു താഴെ തട്ടിലുമുള്ളവരാണു ഭൂരിഭാഗവും. മലബാറുകാർ അനുഭവിക്കുന്ന അവസരമില്ലായ്മ, വിദ്യാഭ്യാസ വ്യവസ്ഥയുടെ പരിമിതി ഇവയൊക്കെ എന്നെയും ബാധിച്ചിരുന്നു, ശീനിവാസൻ പറഞ്ഞു.